കോട്ടയം : അവധിക്കാലമാണ്. കളിയിടങ്ങളുടെ കുറവ് ഗുണമാക്കുകയാണ് ടർഫുകൾ. നഗരത്തിലും ഗ്രാമത്തിലും ഗ്രൗണ്ടുകൾ കുറഞ്ഞതോടെ ടർഫുകളിൽ കളിയാരവം നിറയുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബാളും ക്രിക്കറ്റും കളിക്കാൻ ടർഫുകൾ ഒരുങ്ങിയതോടെ കായികപ്രേമികളുടെ ഇടിച്ചുകയറ്റമാണ്. വടക്കൻ ജില്ലകളിൽ തുടങ്ങിയ ഫുട്ബാൾ ടർഫിന് ജില്ലയിലും ഇപ്പോൾ വലിയ സ്വീകാര്യതയാണ്. ഫുട്ബാൾ, ക്രിക്കറ്റ് ആരാധകരുടെ എണ്ണം കൂടിയതും ഗുണകരമായി. വ്യായാമത്തിനും ടർഫുകളെ ആശ്രയിക്കുന്നവരുമുണ്ട്. അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പുകളും ടൂർണമെന്റുകളും ടർഫുകളിലേയ്ക്ക് മാറി. പുൽമൈതാനമായതിനാൽ ഗ്രൗണ്ടുകളിലേത് പോലെ പരിക്കേൽക്കുമെന്ന ഭയവുമില്ല. സ്വന്തം സ്ഥലത്തും, വാടകയ്‌ക്കെടുത്തും ബഹുനില കെട്ടിടങ്ങളുടെ ടെറസിന് മുകളിലും വരെ ടർഫ് നിർമ്മിക്കുന്ന യുവസംരഭകരുണ്ട്. എൽ.ഇ.ഡി. ഫ്ളഡ്‌ലൈറ്റുകളും ഗ്രൗണ്ടിന് ഇരുമ്പുവലകൊണ്ടുള്ള ആവരണവുമടക്കം അരക്കോടിയിലധികം രൂപ ചെലവുവരും. ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാർജ്ജുമെല്ലാമായി ഇരുപതിനായിരത്തിലധികം രൂപ പ്രതിമാസം മുടക്കണം. അമ്പതിനായിരം മുതൽ ഒരുലക്ഷം വരെയാണ് പലയിടത്തും പ്രതിമാസ സ്ഥലവാടക.
മണിക്കൂറിന് 1500 രൂപ വരെ
വിവിധ അളവുകളിലാണ് ടർഫുകൾ. മൂന്ന് പേർ വീതം മുതൽ ഏഴും പത്തും പേർ വീതം വരെ കളിക്കാവുന്ന വലിപ്പമുണ്ട്. മണിക്കൂറിന് 1500 രൂപവരെ ഈടാക്കും. ഒരാൾക്ക് ശരാശരി 150 രൂപവരെയാകും. രാത്രിയിൽ വെളിച്ചം ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. ക്രിക്കറ്റിനും സമാനമായ വ്യവസ്ഥകളാണ്.
ടർഫുകൾ കോട്ടയം നഗരത്തിൽ : 14
കളംമാറ്റാൻ കാരണം
പൊതുമൈതാനങ്ങളുടെ കുറവ്, ഉള്ളത് കാടുപിടിച്ചു
നാഗമ്പടം ഉൾപ്പെടെയുള്ള സ്റ്റേഡിയങ്ങൾ യോഗ്യമല്ല
സ്കൂൾ മൈതാനങ്ങൾ തുറന്നുകൊടുക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |