ന്യൂഡൽഹി: നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ ചരിത്രവിധിക്കെതിരെ കേന്ദ്രം പുനഃപരിശോധനാഹർജി സമർപ്പിക്കും. ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രീം കോടതിയുടെ വിശാല ഭരണഘടനാബെഞ്ചിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടംഗ ബെഞ്ചിന്റെ വിധിയെ എതിർക്കാനാണ് നീക്കം.
ഈ വാദഗതി കഴിഞ്ഞ ദിവസം കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ പരസ്യമായി ഉന്നയിച്ചിരുന്നു.
അംബേദ്‌കർ ജയന്തി ആയതിനാൽ സുപ്രീംകോടതിക്ക് ഇന്ന് അവധിയാണ്. നാളെ അറ്റോർണി ജനറൽ സുപ്രീംകോടതിമുമ്പാകെ വിഷയം ഉന്നയിച്ചേക്കും.
അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമോപദേശം തേടിയെന്നാണ് വിവരം.
ഗവർണർ അംഗീകാരം നൽകാത്ത 10 ബില്ലുകൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് സർക്കാർ വിജ്ഞാപനം ചെയ്‌ത് നിയമമാക്കി മാറ്റിയിരുന്നു. കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളും ഇതേവഴിയിൽ നീങ്ങാനുള്ള സാദ്ധ്യതകൂടി കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ അടിയന്തര നീക്കം. എല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് വിധിപ്പകർപ്പ് അയച്ചുകൊടുക്കാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.
ലാപ്‌സായ ബില്ലുകളും
പുനഃസ്ഥാപിക്കപ്പെടും
രാഷ്ട്രപതിയോ ഗവർണറോ അംഗീകാരം നൽകാത്തതിനാൽ ലാപ്‌സായ ബില്ലുകൾപോലും പുനഃസ്ഥാപിക്കുന്നതിന് രണ്ടംഗ ബെഞ്ചിന്റെ വിധി വഴിയൊരുക്കുമെന്ന് കേന്ദ്രത്തിന് ആശങ്കയുണ്ട്. സംസ്ഥാന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് വീറ്റോ അധികാരമില്ലെന്ന കോടതി നിലപാടിനെയും ചോദ്യം ചെയ്യും.
പുനഃപരിശോധന ആവശ്യമായ വ്യവസ്ഥകൾ
1. ഗവർണർ അയച്ചു കൊടുക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം
2. ബില്ലുകളിൽ വിയോജിപ്പുണ്ടെങ്കിൽ കാരണങ്ങൾ കൂടി വ്യക്തമാക്കി മൂന്നു മാസത്തിനകം ഗവർണർ മടക്കണം
3. രാഷ്ട്രപതി പരിഗണിക്കേണ്ട വിഷയമാണെങ്കിൽ ഗവർണർ ഒരു മാസത്തിനകം അക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കണം
വിധിയിൽ പാകിസ്ഥാൻ ഭരണവ്യവസ്ഥയും
സമയപരിധി നിശ്ചയിച്ച വിധിയിൽ പാക്കിസ്ഥാൻ ഭരണഘടനയിലെ വ്യവസ്ഥയും സുപ്രീംകോടതി പരാമർശിച്ചിരുന്നു. പാക് ഭരണഘടനയിലെ അനുച്ഛേദം 75ൽ ബില്ല് അംഗീകരിക്കുകയോ, മടക്കുകയോ ചെയ്യാൻ 10 ദിവസത്തെ സമയപരിധിയാണ് പ്രസിഡന്റിന് നിശ്ചയിച്ചിരിക്കുന്നത്. ബിൽ വീണ്ടും പ്രസിഡന്റിന് അയച്ചാൽ 10 ദിവസത്തിനകം അംഗീകാരം നൽകണം. നടപടിയുണ്ടായില്ലെങ്കിൽ ബില്ലിന് പ്രസിഡന്റ് അനുമതി നൽകിയതായി കണക്കാക്കുമെന്ന് പാക് ഭരണഘടനയിൽ വ്യവസ്ഥയുള്ളതും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |