ഹൈദരാബാദ്: യുദ്ധവിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയും തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള അത്യാധുനിക ലേസർ അധിഷ്ഠിത ആയുധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 30 കിലോവാട്ട് ലേസർ അധിഷ്ഠിത ആയുധമാണിത്. ആന്ധ്രാ പ്രദേശ് കുർണൂലിലെ നാഷണൽ ഓപ്പൺ എയർ റേഞ്ചിൽ നടന്ന ഡയറക്‌ടഡ് എനർജി വെപ്പൻ (ഡി.ഇ.ഡബ്ല്യു) പരീക്ഷണം വിജയകരമായത് ഇന്ത്യൻ പ്രതിരോധ സാങ്കേതിക രംഗത്തിന് സുപ്രധാന നാഴികക്കല്ലായി. ഡി.ആർ.ഡി.ഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (സി.എച്ച്.ഇ.എസ്.എസ്), എൽ.ആർ.ഡി.ഇ, ഐ.ആർ.ഡി.ഇ,ഡി.എൽ.ആർ.എൽ,അക്കാഡമിക് സ്ഥാപനങ്ങൾ, ഇന്ത്യൻ വ്യവസായങ്ങൾ എന്നിവയുമായി ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഫിക്സഡ്-വിംഗ് വിമാനങ്ങൾ, മിസൈലുകൾ, സ്വാം ഡ്രോണുകൾ എന്നിവയെ തകർക്കാൻ കഴിയും.
ഡ്രോണുകൾ,ഹെലികോപ്റ്ററുകൾ തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ഏതു വ്യോമ ഭീഷണികളെയും നേരിടാൻ ശേഷിയായി
കമ്മ്യൂണിക്കേഷനുകൾ ബ്ലോക്ക് ചെയ്യാനും,സാറ്റലൈറ്റ് സിഗ്നലുകൾ തടയാനുമുള്ള അത്യാധുനിക ഇലക്ട്രോണിക് യുദ്ധശേഷി
വായു,റെയിൽ,റോഡ്,കടൽ മാർഗങ്ങൾ വഴി വേഗത്തിൽ ആയുധത്തെ വിന്യസിക്കാൻ സാധിക്കും
നാലാമത്തെ രാജ്യം
ലേസർ അധിഷ്ഠിത ആയുധ ശേഷിയുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യു.എസ്,ചൈന,റഷ്യ എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ ഇവയുള്ളത്. രാജ്യത്തെ സേനകൾക്കും അർദ്ധസൈനിക വിഭാഗങ്ങൾക്കും ലേസർ ആയുധം വൈകാതെ എത്തിക്കുമെന്ന് ഡി.ആർ.ഡി.ഒ അധികൃതർ അറിയിച്ചു. 20 കിലോമീറ്റർ ദൂരപരിധിയിൽ എതിരാളികളുടെ ആയുധങ്ങളെ തകർക്കുന്ന,300 കിലോവാട്ട് ശേഷിയുള്ള ‘സൂര്യ’ എന്ന ലേസർ അധിഷ്ഠിത ആയുധ സംവിധാനവും ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |