വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഥോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു. അനകപ്പള്ളയിലെ കൈലാസപട്ടണത്തിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. സ്‌ഫോടനത്തിൽ പടക്കനിർമ്മാണ യൂണിറ്റ് പൂർണമായും തകർന്നു. മരിച്ചവരെല്ലാം കാക്കിനട സമർലകോട്ട നിവാസികളാണ്. പൊലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചു. അപകട കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. പടക്കനിർമ്മാണ യൂണിറ്റിന് ലൈസൻസ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വരാനിരിക്കുന്ന പ്രാദേശിക ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കും വേണ്ടി നിർമ്മിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോർട്ടുണ്ട്.
അതേസമയം,സംഭവസമയത്ത് ഏകദേശം 15 ഓളം തൊഴിലാളികളാണ് യൂണിറ്റിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രി അനിതയ്ക്കും ജില്ലാ ഭരണകൂടത്തിനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഈ മാസം ആദ്യം ഗുജറാത്തിലെ ബനസ് കാന്ത ജില്ലയിലുണ്ടായ പടക്കശാല സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചിരുന്നു. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി പടക്ക നിർമ്മാണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് നാട്ടുകാരും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |