ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ബൂം എന്ന വിശേഷണത്തോടെ 1960-കളിലും 1970- കളിലും ലോകത്തിന്റെ മുന്നിലേക്കു വന്ന ചെറിയൊരു കൂട്ടം എഴുത്തുകാരിലെ അവസാനത്തെ കണ്ണിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച മാരിയോ വാർഗാസ് യോസ. ജൂലിയോ കോർത്തസാർ, ഗർസിയ മാർകേസ്, കാർലോസ് ഫ്യുവന്തസ്, ജോസ് ഡൊനോസോ, വാർഗാസ് യോസ - ഇവരായിരുന്നു ആ സർഗാത്മക വിപ്ലവത്തെ നയിച്ചത്. യോസയുടെ മരണത്തോടെ ആ അദ്ധ്യായത്തിന് തിരശീല വീണിരിക്കുന്നു. പെറുവിലാണ് യോസ ജനിച്ചത്- ഏണസ് റ്റോ വാർഗാസ് മാൽഡൊണാഡോയുടെയും, ഡോറ യോസ ഉറേറ്റയുടെയും മകനായി, 1936 ൽ.
ആദ്യം സൈനിക അക്കാഡമിയിൽ ജോലി നോക്കിയെങ്കിലും സാഹിത്യ പ്രേമം മൂലം ജോലി ഉപേക്ഷിച്ച് പൂർണമായും എഴുത്തിൽ മുഴുകി. എഴുതി ജീവിക്കുക എന്ന വെല്ലുവിളി സ്വീകരിച്ചവരാണ് ആ തലമുറയിലെ പലരും. എഴുത്തിൽ അസാധാരണമായ ഊർജ്ജം കാഴ്ചവച്ച അദ്ദേഹം 1967 മുതൽ അറിയപ്പെടുന്ന എഴുത്തുകാരനായി. വലിയ അംഗീകാരങ്ങൾ നേടി. 2010-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. ലോകം ആരാധനയോടെ നോക്കിക്കാണുന്ന നോവലിസ്റ്റായി. കോൺവർസേഷൻ ഇൻ ദി കത്തീഡ്രൽ, ദി ടൈം ഒഫ് ദി ഹീറോ, ദി ഗ്രീൻ ഹൗസ്, ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ, ദി ഫീസ്റ്റ് ഒഫ് ദി ഗോട്ട്, വേയ് ടു പാരഡൈസ്, എ ബാഡ് ഗേൾ, ഹാർഷ് ടൈംസ്, ഇൻ പ്രെയ്സ് ഒഫ് സ്റ്റെപ് മദർ തുടങ്ങിയവയാണ് പ്രധാന നോവലുകൾ.
കഴിഞ്ഞ വർഷം എഴുതിയതും ഇംഗ്ലീഷ് പരിഭാഷ വരാനിരിക്കുന്നതുമായ 'അയ് ഗിവ് യു മൈ സൈലൻസ്" എന്ന നോവലാണ് യോസയുടെ വായനക്കാർ കാത്തിരിക്കുന്നത്. അപ്പോഴാണ് മരണവാർത്ത വരുന്നത്. ഇനിയൊരു നോവലെഴുതാനുള്ള ഊർജ്ജം തനിക്കില്ലെന്ന് കഴിഞ്ഞ വർഷം അദ്ദേഹം പറഞ്ഞിരുന്നു. മൂന്നും നാലും വർഷമെടുത്താണ് അദ്ദേഹം ഓരോ നോവലും പൂർത്തിയാക്കുന്നത്. അവസാനമായി തന്റെ അദ്ധ്യാപകൻ കൂടിയായ വിഖ്യാത ചിന്തകൻ സാർത്രിനെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. അതു പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടാവും എന്നു കരുതുകയേ നിർവാഹമുള്ളൂ.
യോസ ആദ്യമൊക്കെ മാർകേസിനൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തോടും ക്യൂബൻ നേതാവ് കാസ്ട്രോയോടും അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ എല്ലാത്തരം അധികാരത്തിനും ദുഷിക്കാനുള്ള പ്രവണതയുണ്ടെന്നു തിരിച്ചറിഞ്ഞ് അദ്ദേഹം മറ്റു സാദ്ധ്യതകളുടെ പുറകേ സഞ്ചരിക്കുകയായിരുന്നു. ഒരു ലിബറൽ ജനാധിപത്യത്തിനു വേണ്ടിയാണ് പിന്നീടദ്ദേഹം നിലകൊണ്ടത്. 1990- ൽ പെറുവിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുക പോലും ചെയ്തിരുന്നു. അത് പല തെറ്റിദ്ധാരണകൾക്കും വഴിവെച്ചു. എന്നാൽ, രാഷ്ട്രീയത്തിലെ അഴിമതി തുറന്നുകാട്ടാനും നീതിയുടെ പുതിയ രാഷട്രീയം കാഴ്ചവയ്ക്കാനുമാണ് തന്റെ ശ്രമമെന്ന് 'എ ഫിഷ് ഇൻ ദി വാട്ടർ" എന്ന ആത്മകഥയിൽ അദ്ദേഹം വിശദീകരിച്ചിട്ടുമുണ്ട്.
തീർച്ചയായും യോസയുടെ രാഷ്ട്രീയം വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. യോസ ഏറ്റെടുത്ത മറ്റൊരു പ്രധാന ദൗത്യം, ക്ലാസിക് സാഹിത്യ കൃതികളെ വിശദീകരിക്കുക എന്നതായിരുന്നു. Letters to a Young Novelist എന്ന ചെറിയ പുസ്തകത്തിലുൾപ്പടെ അദ്ദേഹം ലോക സാഹിത്യത്തിലെ മഹത്തായ രചനകളെ പരിചയപ്പെടുത്തുന്നുണ്ട്. കാർ പന്റിയർ, ഫ്ളോബർ, പ്രൂസ്ത്, മെൽവിൽ, സെർവാന്റസ് തുടങ്ങിയവരുടെയൊക്കെ മാസ്റ്റർ പീസുകളെ അദ്ദേഹം അന്യാദൃശമായ തലത്തിൽ വിശദീകരിക്കുന്നുണ്ട്. ഇതിൽ പലതിനെക്കുറിച്ചും വേറിട്ട പഠനങ്ങൾ എഴുതിയിട്ടുമുണ്ട്.
യോസയുടെ ഗവേഷണ പ്രബന്ധം സുഹൃത്തുകൂടിയായ മാർകേസിന്റെ One Hundred Years of Solitude എന്ന നോവലിനെക്കുറിച്ചായിരുന്നു. എന്നാൽ സ്പാനിഷ് ഭാഷയിൽ രചിച്ച ആ പഠനം ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തേണ്ട എന്നൊരു ശാഠ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. The Languge of Passion, The Temptation of the Impossible, The Call of the Tribe, Touchstone എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കഥേതര പുസ്തകങ്ങൾ. എഴുത്തുകാരൻ എന്നതിലുപരിയായി, ഇരുപതാം നൂറ്റാണ്ട് സൃഷ്ടിച്ച വലിയൊരു രാഷ്ടീയ ബുദ്ധിജീവി കൂടിയാണ് മാരിയോ വാർഗാസ് യോസ . മാർകേസ് കഴിഞ്ഞാൽ മലയാളി ഏറ്റവുമധികം വായിച്ച ലാറ്റിനമേരിക്കൻ എഴുത്തുകാരൻ യോസ തന്നെയാണ്. ലോകസാഹിത്യത്തിലെ വേറിട്ടൊരു ശബ്ദമാണ് ഏപ്രിൽ 13 ന് നിശ്ചലമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |