തിരുവനന്തപുരം:സസ്പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നേരിട്ട് ഹിയറിംഗിന് ഹാജരാകാനിരിക്കേ, മുൻ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് ചീഫ് സെക്രട്ടറിക്കെതിരെ രംഗത്ത് എത്തി.
ഹിയറിംഗ് വീഡിയോയിൽ റെക്കോഡ് ചെയ്യണമെന്നും ലൈവ് സ്ട്രീമിംഗ് നടത്തണമെന്നുമുള്ള പ്രശാന്തിന്റെ ആവശ്യം സർക്കാർ തള്ളിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഇതെല്ലാം സമ്മതിച്ച ചീഫ് സെക്രട്ടറി പിന്നീട് പിൻമാറിയെന്നും അത് വിചിത്രമായിരിക്കുന്നുവെന്നുമാണ് ഇന്നലെ സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചത്.
അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ അപകീർത്തികരമായ വിമർശനം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകാതിരുന്നതിന്റെ പേരിൽ സസ്പെൻഷൻ നീട്ടുകയായിരുന്നു. അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു.എന്നാൽ പ്രശാന്തിനെ നേരിട്ട് കേൾക്കാനും പ്രശ്നങ്ങൾ അവസാനിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകിട്ട് നാലരയ്ക്ക് ഹിയറിംഗിന് വിളിച്ചിരിക്കുന്നത്.
ഏഴു വിചിത്ര രാത്രികൾ
ഏഴു വിചിത്ര രാത്രികൾ എന്ന പേരിൽ പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം : '10.02.2025 ന് നൽകിയ കത്തിൽ ഹിയറിംഗ് റെക്കോർഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂർണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിൻവലിച്ചു. ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറിയതിന്റെ കാരണങ്ങൾ ഒന്നും കത്തിൽ അറിയിച്ചിട്ടില്ല. അതിൽ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല എന്നാൽ കൊട്ടാരം ലേഖകർ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത് ആർക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ? എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് അറിയുന്നത്. സ്ട്രീമിങ് അനുവദിച്ച ആദ്യ ഉത്തരവ് കാണാത്ത മട്ടിൽ ചില ചാനൽ തൊഴിലാളികൾ തകർത്ത് അഭിനയിക്കുന്നതും കണ്ടു. നിരന്തരം നിർഭയം, ഉറവിടമില്ലാത്ത വാർത്തകൾ നൽകുന്നതും, രേഖകൾ തമസ്‌കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |