പാട്ന: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണിത്. മഹാസഖ്യത്തെക്കുറിച്ച് ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്. ആർ.ജെ.ഡി എം.പിമാരായ മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവർക്കൊപ്പമാണ് തേജസ്വി ഖാർഗെയുടെ ഡൽഹിയിലെ വസതിയിലെത്തിയത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി (സംഘടന) കെ.സി വേണുഗോപാൽ, ബീഹാർ കോൺഗ്രസ് മേധാവി രാജേഷ് കുമാർ, എ.ഐ.സി.സി ബീഹാർ ചുമതലയുള്ള കൃഷ്ണ അല്ലവരു എന്നിവരും യോഗത്തിൽ പങ്കെടുത്തു. സഖ്യകക്ഷികൾക്കിടെ കടുത്ത വിലപേശൽ നടക്കുന്നുണ്ടെന്ന സൂചനകൾക്കിടയിലാണ് കൂടിക്കാഴ്ച, "ഇന്ത്യ" മുന്നണി ബീഹാറിൽ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് സഖ്യകക്ഷികൾ കൂട്ടായി തീരുമാനം എടുക്കുമെന്നും കോൺഗ്രസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മെച്ചപ്പെട്ട ബീഹാറിനായി ഞങ്ങളുടെ മഹാഗത്ബന്ധൻ സഖ്യം ഐക്യത്തോടെ പോരാടുമെന്ന് വേണുഗോപാൽ പ്രതികരിച്ചു. എൻ.ഡി.എയെ പരാജയപ്പെടുത്തി അധികാരത്തിൽ വരുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു.
പശുപതി പരസിന്റെ
പാർട്ടി എൻ.ഡി.എ വിട്ടു
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.ഡി.എയ്ക്ക് തിരിച്ചടി. രാഷ്ട്രീയ ലോക്ശക്തി പാർട്ടി (ആർ.എൽ.ജെ.പി) എൻ.ഡി.എ വിടുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും പാർട്ടി അദ്ധ്യക്ഷനുമായ പശുപതി കുമാർപരസ് പ്രഖ്യാപിച്ചു. അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാട്നയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. '2014 മുതൽ ബി.ജെ.പിയും എൻഡിഎയുമായും സഖ്യത്തിലായിരുന്നു. എന്നാൽ ഇന്ന് മുതൽ എൻ.ഡി.എയുമായി ഒരു ബന്ധവുമില്ല. ബീഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ ബീഹാർ ജനത തീരുമാനിച്ചു. നിതീഷ് ദളിത് വിരുദ്ധനും മാനസിക രോഗിയുമാണ്.സംസ്ഥാനത്ത് ദളിതർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു. ജനസമ്പർക്കത്തിന്റെ ഭാഗമായി 22 ജില്ലകൾ സന്ദർശിച്ചു". വരും ദിവസങ്ങളിൽ 16 ജില്ലകൾ സന്ദർശിക്കുമെന്നും പരസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |