ന്യൂഡൽഹി: ഡി.സി.സികളുടെ ശാക്തീകരണത്തിന് ഇന്നലെ ഗുജറാത്തിൽ തുടക്കമിട്ട് കോൺഗ്രസ്. രാഹുൽ ഗാന്ധി ആരാവല്ലി ജില്ലയിലെ മൊദസയിൽ സംഘടിപ്പിച്ച യോഗത്തിൽ നേരിട്ടെത്തി മേൽനോട്ടം വഹിച്ചു. ഇന്നും രാഹുൽ സംസ്ഥാനത്തുണ്ടാകും. പുതിയ ഡി.സി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു. ഉത്തരവാദിത്വത്തിന്റെ പുതിയ സംവിധാനമാണ് നടപ്പാക്കുന്നതെന്നും ഇത് തുടക്കം മാത്രമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. 2025 സംഘടനാ പരിഷ്കാരത്തിന്റെ വർഷമായിരിക്കുമെന്ന് എ.ഐ.സി.സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലേക്കും രാഹുൽ പോകും.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് പിടിക്കുമെന്ന് അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിനായി പ്രത്യേക പ്രമേയവും പാസാക്കി. ഗുജറാത്ത് ഘടകം അടിമുടി ഉടച്ചുവാർക്കാനാണ് കോൺഗ്രസ് പദ്ധതി. പാർട്ടിയിലെ ഒറ്റുകാരെ പുറത്താക്കുമെന്നും, ബി.ജെ.പിയുടെ സ്ളീപ്പ് സെൽ പാർട്ടിക്കകത്ത് അനുവദിക്കില്ലെന്നും രാഹുൽ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിശ്വസ്‌തരല്ലാത്ത നേതാക്കളുടെ പട്ടികയും തയ്യാറാക്കി. പ്രവർത്തിക്കാൻ വയ്യെങ്കിൽ വിരമിച്ച് വിശ്രമജീവിതത്തിലേക്ക് മാറണമെന്ന് എ.ഐ.സി.സി സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ താക്കീത് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |