പഞ്ചാബ് 11 റൺസിന് ആൾഔട്ട്, കൊൽക്കത്ത 95ന് ആൾഔട്ട്
ഹർഷിത് റാണയ്ക്ക് മൂന്ന് വിക്കറ്റ് , വരുണിനും നരെയ്നും രണ്ട് വിക്കറ്റ് വീതം
മുള്ളൻപുർ : ബാറ്റർമാർ പറുദീസ തീർക്കുന്ന ഐ.പി.എല്ലിൽ ഇന്നലെ പിറന്നത് ബൗളർമാരുടെ ആഘോഷരാവ്. ആദ്യം ബാറ്റ് ചെയ്ത് 15.3 ഓവറിൽ 111 റൺസിന് ആൾഔട്ടായ പഞ്ചാബ് കിംഗ്സ് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 15.1 ഓവറിൽ 95 റൺസിന് ആൾഔട്ടാക്കി കൊയ്തെടുത്തത് 16 റൺസിന്റെ വിജയം.
മൂന്നോവറിൽ 25 റൺസ് വഴങ്ങി മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത പേസർ ഹർഷിത് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തിയ സ്പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ നരെയ്നുമാണ് പഞ്ചാബിന്റെ കടപുഴക്കിയത്. നരെയ്ൻ മൂന്നോവറിൽ 14 റൺസ് മാത്രമാണ് വഴങ്ങിയത്. നാലുവിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലിനെയും മൂന്നുവിക്കറ്റ് നേടിയ മാർക്കോ യാൻസനെയും മുന്നിൽ നിറുത്തിയാണ് പഞ്ചാബ് കൊൽക്കത്തക്കാരെ എറിഞ്ഞിട്ടത്. സേവ്യർ ബാർട്ട്‌ലെറ്റും അർഷ്ദീപും ഗ്ളെൻ മാക്സ്‌വെല്ലും ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്നോവറിൽ 11 റൺസ് മാത്രം നൽകിയ അർഷ്ദീപ് ഒരോവർ മെയ്ഡനുമാക്കി. മാക്സ്‌വെൽ രണ്ടോവറിൽ അഞ്ചുറൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
ഓപ്പണർമാരായ പ്രിയാംശ് ആര്യയും (22), പ്രഭ്സിമ്രാൻ സിംഗും (30),മദ്ധ്യനിരയിൽ നെഹാൽ വധേരയും(10), ശശാങ്ക് സിംഗും (18), വാലറ്റത്ത് സേവ്യർ ബാർട്ട്‌ലെറ്റും (11) മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത്. ശ്രേയസ് അയ്യർ (0),ഇൻഗിലിസ് (2),മാക്സ്‌വെൽ (7),സുയാംശ് ഷെഡ്ഗെ(4), മാർക്കോ യാൻസെൻ (1) എന്നിവർ വേഗം കൂടാരം കയറിയിരുന്നു. കൊൽക്കത്താനിരയിലാകട്ടെ ആൻഗ്രിഷ് രഘുവംശി (37), നായകൻ അജിങ്ക്യ രഹാനെ(17), ആന്ദ്രേ റസൽ (17) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ക്വിന്റൺ ഡി കോക്ക് (2), സുനിൽ നരെയ്ൻ (5),വെങ്കടേഷ് അയ്യർ (7),റിങ്കുസിംഗ് (2),രമൺദീപ് സിംഗ് (0) എന്നീ വമ്പന്മാരെല്ലാം മുട്ടിടിച്ച് വീണു.
മുള്ളൻപുരിൽ പ്രിയാംശ് ആര്യയും (22), പ്രഭ്സിമ്രാൻ സിംഗും (30) ചേർന്ന് 3.1 ഓവറിൽ ടീം സ്കോർ 39 ൽ എത്തിച്ച് മികച്ച പ്രതീക്ഷയിലായിരുന്നു. എന്നാൽ അടുത്ത പന്തിൽ പ്രിയാംശിനെ രമൺദീപിന്റെ കയ്യിലെത്തിച്ച് ഹർഷിത് റാണ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. രണ്ടുപന്തുകൾക്ക് ശേഷം പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെയും (0)റാണ രമൺദീപിന്റെ കയ്യിലെത്തിച്ചു. അടുത്ത ഓവറിൽ ജോൺ ഇംഗിലിസിനെ (2) വരുൺ ബൗൾഡാക്കി. ആറാം ഓവർ ബൗൾ ചെയ്യാനെത്തിയ റാണ ഇക്കുറി രമൺദീപിനെ ഏൽപ്പിച്ചത് അതുവരെ തകർത്തടിച്ചുകൊണ്ടിരുന്ന പ്രഭ്സിമ്രാനെയാണ്. ഇതോടെ പഞ്ചാബ് 54/4 എന്ന നിലയിലായി.
തുടർന്ന് നെഹാൽ വധേരയും (10) മാക്സ്‌വെല്ലും (7) ചേർന്ന് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒൻപതാം ഓവറിൽ വധേരയെ അൻറിച്ച് നോർക്യേ വെങ്കടേഷ് അയ്യരുടെ കയ്യിലേൽപ്പിച്ചു. പത്താം ഓവറിൽ വരുൺ മാക്സ്‌വെല്ലിനെയും ബൗൾഡാക്കി. സുയാംശ് ഷെഡ്ഗെ(4), മാർക്കോ യാൻസെൻ (1), ശശാങ്ക് സിംഗ്(18), സേവ്യർ ബാർട്ട്‌ലെറ്റ് (11)എന്നിവർകൂടി കൂടാരം കയറിയതോടെ പഞ്ചാബ് 111ൽ ആൾഔട്ടായി.
മറുപടിക്കിറങ്ങിയ കൊൽക്കത്തയുടെ ഓപ്പണർ നരെയ്നെ ആദ്യ ഓവറൽതന്നെ ജാൻസൻ പുറത്താക്കിയിരുന്നു. അടുത്ത ഓവറിൽ ക്വിന്റൺ ഡികോക്കിനെ സേവ്യർ ബാർട്ട്‌ലെറ്റ് തിരിച്ചയച്ചു. 7/2 എന്ന നിലയിൽ നിന്ന് ആൻഗ്രിഷും അജിങ്ക്യയും ചേർന്ന് 7.3 ഓവറിൽ 62/2ലേക്ക് എത്തിച്ചപ്പോൾ പഞ്ചാബിന് വിജയിക്കാൻ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ അടുത്ത പന്തുമുതൽ ചഹലിന്റെ മാജിക്കിനുമുന്നിൽ കൊൽക്കത്ത ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞുവീണു.എട്ടാം ഓവറിൽ രഹാനെയെ എൽ.ബിയിൽ കുരുക്കി തുടങ്ങിയ ചഹൽ 12-ാം ഓവറിൽ റിങ്കുസിംഗിനെയും രമൺദീപിനെയും തിരിച്ചയച്ചു. ഇതിനിടയിൽ മാക്സ്‌വെൽ വെങ്കടേഷിനെ എൽ.ബിയിൽ കുരുക്കിയിരുന്നു. ഇതോടെ കൊൽക്കത്ത 76/7ലേക്ക് പതിച്ചു. അപ്പോഴും ക്രീസിലുണ്ടായിരുന്ന റസലിനും ടീമിനെ രക്ഷിക്കാനായില്ല. 15.1-ാം ഓവറിൽ റസലിനെ ക്ളീൻബൗൾഡാക്കി യാൻസനാണ് കൊൽക്കത്തയെ ആൾഔട്ടാക്കിയത്.
206
രണ്ട് ടീമുകളും ചേർന്ന് ഇന്നലെ നേടിയ ആകെ റൺസ്. ഇരുടീമുകളും തമ്മിലുള്ള മത്സരചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ സ്കോറാണിത്.
വിക്കറ്റ് വീഴ്ച ഇങ്ങനെ
പഞ്ചാബ് 111
1-39
2-39
3-42
4-54
5-74
6-76
7-80
8-86
9-109
10-111
കൊൽക്കത്ത 95
1-7
2-7
3-62
4-72
5-74
6-76
7-76
8-79
9-95
10-95
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |