ചാലക്കുടി: കാട്ടനകളുടെ ആക്രമണത്തിൽ വിഷുദിനപ്പുലരിയിലും രാത്രിയിലുമായി പൊലിഞ്ഞത് മൂന്നു ജീവനുകൾ. അതിരപ്പിള്ളി പഞ്ചായത്തിലെ രണ്ടിടങ്ങളിലായാണ് 24 മണിക്കൂറിനുള്ളിലെ സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ആദിവാസികളായ മൂവരും.
തേൻ ശേഖരിക്കാൻ പോയ അടിച്ചിൽത്തൊട്ടി ഉന്നതിയിലെ സെബാസ്റ്റ്യനാണ് (20) ആദ്യം ആനക്കലിക്ക് ഇരയായത്. വിഷു ദിവസം രാത്രി അതിരപ്പിള്ളിയിലായിരുന്നു രണ്ടാമത്തെ സംഭവം. വാഴച്ചാൽ ആദിവാസി ഉന്നതിയിലെ കണ്ണുമണിയുടെ മകൻ സതീഷ് (35), ഇയാളുടെ ബന്ധു രവിയുടെ ഭാര്യ അംബിക (38) എന്നിവരാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിൽ വഞ്ചിക്കടവിൽ കൊല്ലപ്പെട്ടത്. വീട്ടിൽ വിഷുക്കണി ഒരുക്കി ആഘോഷിച്ചശേഷമാണ് ഇവരുൾപ്പെടെ നാലു പേർ വനവിഭവങ്ങൾ ശേഖരിക്കാൻ പുറപ്പെട്ടത്. വൈകിട്ടോടെ കാറ്റും മഴയും വന്നപ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള വഞ്ചിക്കടവ് പ്രദേശത്ത് താത്കാലിക ഷെഡ് ഒരുക്കി തങ്ങുകയായിരുന്നു.
സതീഷിന്റെ ഭാര്യ രമ, അംബികയുടെ ഭർത്താവ് രവി എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. പാറപ്പുറത്ത് ഉറങ്ങുകയായിരുന്ന സതീഷിനെ ഓടിയെത്തിയ ആനകളിൽ ഒന്ന് ആക്രമിച്ചു. പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ അംബിക പാറക്കൂട്ടത്തിൽ തലയിടിച്ച് പുഴയിലേക്ക് വീണാണ് മരിച്ചത്. ഓടി രക്ഷപെട്ട രവിയും രമയും ഉന്നതിയിലെത്തി മറ്റുള്ളവരെ വിവരമറിയിച്ചു. അതിരപ്പിള്ളി പൊലീസും ചാർപ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. വനംവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് സർവകക്ഷി ഹർത്താൽ ആചരിക്കും. രമ- സതീഷ് ദമ്പതികൾക്ക് മക്കളില്ല. രജിത, രാജിമോൾ, ധന്യ എന്നിവരാണ് അംബികയുടെ മക്കൾ.
10 ലക്ഷം രൂപ ധനസഹായം
തൃശൂർ : അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ആദ്യഘട്ടമായി അഞ്ചു ലക്ഷം രൂപ വീതം നൽകാൻ നിർദ്ദേശം ലഭിച്ചതായി കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ബാക്കി തുക നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നൽകും. അതിരപ്പിള്ളി സംഭവം അടക്കം വനമേഖലയിലുണ്ടായ അസാധാരണ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |