#സംസ്ഥാന ചലച്ചിത്ര
പുരസ്‌കാരങ്ങൾ സമ്മാനിച്ചു
തിരുവനന്തപുരം : ദേശീയ,അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ യശസുയർത്തിയ സംവിധായകനാണ് ഷാജി.എൻ.കരുണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന ജെ.സി.ഡാനിയേൽ പുരസ്ക്കാരം സംവിധായകൻ ഷാജി.എൻ.കരുണിന് മുഖ്യമന്ത്രി കൈമാറി.
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
ചലച്ചിത്രകലയെ ചിത്രകലയുമായി സന്നിവേശിപ്പിച്ച് മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമായ സിനിമകളുടെ സംവിധായകൻ കൂടിയാണ് ഷാജി.എൻ.കരുണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരവും ഉർവശിയും ബീന.ആർ.ചന്ദ്രനും മികച്ച നടിമാർക്കുള്ള അവാർഡും ഏറ്റുവാങ്ങി. സംവിധായകൻ ബ്ലെസി, നടൻ വിജയരാഘവൻ, റസൂൽ പൂക്കുട്ടി, വിദ്യാധരൻ മാസ്റ്റർ, ജിയോ ബേബി, ജോജു ജോർജ്, റോഷൻ മാത്യു, സംഗീത് പ്രതാപ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 48 ചലച്ചിത്രപ്രതിഭകൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യർ, ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ സുധീർ മിശ്ര,
രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ഡോ.ജാനകി ശ്രീധരൻ,ചലച്ചിത്ര പുരസ്‌കാര നിർണയ സമിതി അംഗം ആൻ അഗസ്റ്റിൻ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ജനറൽ കൗൺസിൽ അംഗം എൻ.അരുൺ എന്നിവർ പങ്കെടുത്തു. ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങൾ അടങ്ങിയ പുസ്തകം മന്ത്രി വി.ശിവൻകുട്ടി മന്ത്രി കെ.എൻ ബാലഗോപാലിന് നൽകി പ്രകാശനം ചെയ്തു. വനിത ചലച്ചിത്ര മേളയുടെ ഡിസൈൻ പ്രകാശനം നടൻ പൃഥ്വിരാജും മന്ത്രി സജി ചെറിയാനും ചേർന്ന് മേയർ ആര്യ രാജേന്ദ്രൻ, ദിവ്യ എസ്. അയ്യർ, ആൻ അഗസ്റ്റിൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. തുടർന്ന് സ്റ്റീഫൻ ദേവസിയും സംഘവും നയിച്ച സംഗീതവിരുന്നും അരങ്ങേറി.
മലയാള സിനിമ ലോക സിനിമയുടെ
ഉത്തരത്തിൽ: ഷാജി എൻ കരുൺ
തിരുവനന്തപുരം : മലയാള സിനിമ ലോക സിനിമയുടെ ഉത്തരത്തിലാണ് നിൽക്കുന്നതെന്ന് സംവിധായകൻ ഷാജി എൻ. കരുൺ പറഞ്ഞു. ലോകത്തിന്റെ ചരിത്രമാണ് സിനിമ. മലയാളസിനിമയെ ലോകത്തിന് മുന്നിൽ കൊണ്ടെത്തിക്കുമ്പോഴാണ് നമ്മുടെ സ്ഥാനം ഉത്തരത്തിലാണെന്ന് തിരിച്ചറിയുന്നത്. സിനിമയുടെ വളർച്ചയിൽ നമുക്ക് ഒരുപാട് കടമകളുണ്ട്. അത് നിറവേറ്റണം. വളർച്ചയ്ക്ക് തുടർച്ചയ്ക്കായ ശ്രമം വേണം. ലോകം മുഴുവൻ സിനിമയെ നോക്കിക്കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |