മുംബയ്: ട്രെയിൻ യാത്രയ്ക്കിടെയും എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാം. രാജ്യത്ത് ആദ്യമായി ട്രെയിനിൽ എ.ടി.എം സ്ഥാപിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. നാസിക്കിലെ മൻമദിനും മുംബയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന പഞ്ചവടി എക്സപ്രസിന്റെ എ.സി കോച്ചിലാണ് എ.ടി.എം മെഷീൻ സ്ഥാപിച്ചത്. സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മാണിത്. റെയിൽവേയുടെ ഭൂസാവൽ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇഗത്പുരിക്കും കസാരയ്ക്കും ഇടയിലുള്ള ചെറിയ സമയം നെറ്റ്‌വർക്ക് നഷ്ടപ്പെട്ടതൊഴിച്ചാൽ പരീക്ഷണം വിജയകരമായിരുന്നെന്ന് അധികൃതർ അറിയിച്ചു.
വൈകാതെ യാത്രക്കാർക്ക് സേവനം ലഭ്യമാകും. എ.സി കോച്ചിലാണെങ്കിലും ഏത് കോച്ചിലുള്ളവർക്കും പണം പിൻവലിക്കാം.
ട്രെയിൻ നീങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ ഷട്ടർ വാതിൽ നൽകിയാണ് എ.ടി.എം ഘടിപ്പിച്ചിട്ടുള്ളത്. 24 മണിക്കൂറും സി.സി ടി.വി ക്യാമറകളുടെ നിരീക്ഷണമുണ്ട്. ജനപ്രിയമായാൽ കൂടുതൽ ട്രെയിനുകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരേ റേക്ക് പങ്കുവയ്ക്കുന്നതിനാൽ പഞ്ചവതി എക്സ്പ്രസിലെ എ.ടി.എം സംവിധാനം മുംബയ്-ഹിംഗോലി ജനശതാബ്ദി എക്സ്പ്രസിലും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |