ചെന്നൈ: എൻ.ഡി.എ സഖ്യത്തിലേക്ക് മടങ്ങിയെത്തിയ അണ്ണാ ഡി.എം.കെ തമിഴ്നാട് നിയമസഭയിൽ ഡി.എം.കെ സർക്കാരിനെതിരെ ശക്തമായ നിലപാടെടുത്തു. ഇന്നലേയും ചൊവ്വാഴ്ചയും നിയമസഭയിൽ നിന്നും വാക്കൗട്ട് നടത്തി. ഡി.എം.കെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന മന്ത്രിമാരെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതവ് എടപ്പാടി കെ. പളനിസാമി ആരോപിച്ചു.
കെ. പൊൻമുടി, കെ.എൻ. നെഹ്റു, വി സെന്തിൽ ബാലാജി എന്നീ മൂന്ന് മുതിർന്ന മന്ത്രിമാർക്കെതിരെ നിയമസഭാ ചട്ടം 72 പ്രകാരം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അണ്ണാ ഡി.എം.കെ അംഗങ്ങൾ ശ്രമിച്ചുവെങ്കിലും സ്പീക്കർ എം.അപ്പാവു അനുമതി നൽകിയില്ല.
സ്പീക്കർ വിസമ്മതിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് വാക്കൗട്ട് നടത്തിയ ശേഷം എടപ്പാടി പ്രതികരിച്ചു. 'ഇതൊരു പ്രധാനപ്പെട്ട വിഷയമാണ്. ഇത്തരം പ്രമേയങ്ങൾ മുമ്പ് ചർച്ച ചെയ്തിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് മൗനം?'
പ്രതിഷേധത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ 'ജനാധിപത്യം എവിടെ? ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ അനുവാദമില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി.
മാദ്ധ്യമങ്ങളോടുസംസാരിക്കവെ,ഭാവിയിലെ രാഷ്ട്രീയ വിന്യാസങ്ങളെക്കുറിച്ചും ഇ.പി.എസ് സൂചന നൽകി. 'തിരഞ്ഞെടുപ്പുകൾ മാത്രമേ ഞങ്ങളുടെ സഖ്യത്തിന്റെ ശക്തി നിർണ്ണയിക്കൂ. ഡി.എം.കെയ്‌ക്കെതിരായ ഒറ്റക്കെട്ടായ വോട്ടാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,' അദ്ദേഹം പറഞ്ഞു. 'ബിജെപി ഇതിനകം ഞങ്ങളോടൊപ്പം ചേർന്നു. മറ്റ് പലരും സഖ്യത്തിലേക്ക് വരും,' അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |