ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് നേരെ ഭീകരപ്രവർത്തനമുണ്ടായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യ ഒരുപാട് മാറി. മുംബയ് ഭീകരാക്രമണം വഴിത്തിരിവായിരുന്നു. അയൽരാജ്യത്തിന്റെ പ്രവൃത്തി വച്ചുപൊറുപ്പിക്കാനാകില്ലെന്ന വികാരമാണ് രാജ്യത്തുണ്ടായത്. എന്നാൽ അന്നത്തെ യു,പി.എ സർക്കാരിന് ആ വികാരം പൂർണമായി മനസിലാക്കാൻ സാധിച്ചില്ല. ഇന്ത്യയിൽ ഭരണം മാറിയതോടെ, ഇനി ഭീകരപ്രവത്തനമുണ്ടായാൽ പ്രത്യാഘാതമുണ്ടാകുമെന്ന കൃത്യമായ സന്ദേശം പാകിസ്ഥാന് നൽകിയിട്ടുണ്ട്. ഇന്ത്യ മാറിയപ്പോഴും പാകിസ്ഥാൻ ഭീകരതാ വ്യവസായം തുടരുകയാണ്. പാകിസ്ഥാൻ മാറിയെന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും അവരുടെ പ്രവൃത്തികൾ കാരണം അതിനുകഴിയുന്നില്ലെന്നും ജയശങ്കർ വ്യക്തമാക്കി. ഗുജറാത്തിലെ ചാരുസാറ്റ് സർവകലാശാല സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
ഇരട്ടത്താപ്പ് കളിക്കുന്നു
പാകിസ്ഥാൻ ഇരട്ടത്താപ്പ് കളിക്കുകയാണ്. ഒരു വശത്ത് താലിബാനെ നിറുത്തിക്കൊണ്ടായിരുന്നു ഇരട്ടത്താപ്പ്. യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതോടെ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു. സ്വന്തം സൃഷ്ടിയായ ഭീകരതയിൽ അവർ കുടുങ്ങി. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ പങ്കാളികളിലൊരാളായ തഹാവൂർ റാണയെ കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് കൈമാറിയതിൽ യു.എസും ഇന്ത്യയും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണത്തെ അഭിനന്ദിക്കുന്നെന്നും ജയശങ്കർ പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നതിലും ഭീകരവാദത്തിനെതിരെയും സഹകരിക്കുന്നു. ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ ഇത് വലിയൊരു ചുവടുവയ്പ്പാണെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |