കോഴിക്കോട്: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇഡി കേന്ദ്രവിലാസം സംഘടനയാണ്. ഇഡി കാര്യമായി പെരുമാറാത്ത ബിജെപി ഇതര സംസ്ഥാനം കേരളം മാത്രമാണ്. പകുതി ബിജെപിയും പകുതി സിപിഎമ്മുമായ അർദ്ധനാരീശ്വരനാണ് പിണറായി. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനത്തും ഇഡി മുഖ്യമന്ത്രിമാരെ ഉപദ്രവിക്കുന്നത് അതുകൊണ്ടാണെന്നും മുരളീധരൻ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ ഇമേജ് തകർക്കാൻ ഒരു ഇഡിയും വളർന്നിട്ടില്ലെന്നും മുരളീധരൻ കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കെ മുരളീധരൻ പറഞ്ഞത്:
'ദിവ്യ എസ് അയ്യർ വിമർശനം നേരിട്ടപ്പോൾ മുഖ്യമന്ത്രി സ്ത്രീത്വത്തെക്കുറിച്ച് കൂടുതൽ വാചാലനായി. 51 വെട്ടേറ്റ് കൊല്ലപ്പെട്ട് ടിപി മരിച്ചുകിടക്കുന്നത് കാണേണ്ടിവന്ന അമ്മയും ഒരു സ്ത്രീയാണ്. വിധവയാക്കപ്പെട്ട കെകെ രമയും ഒരു സ്ത്രീയാണ്. അങ്ങനെയുള്ള സ്ത്രീത്വത്തോട് ബഹുമാനം കാണിക്കാത്തവർ സ്വന്തം പാദസേവകരെ അനുഗ്രഹിക്കുന്നതിനോട് യോജിക്കില്ല. എന്റെ മനഃസ്ഥിതിയെക്കുറിച്ച് കെകെ രാഗേഷ് മാർക്കിടേണ്ടതില്ല. പിണറായിയുടെയും രാഗേഷിന്റെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. സ്ത്രീയായാലും പുരുഷനായാലും പറയേണ്ടത് ഇനിയും പറയും. സിവിൽ സർവീസ് ചട്ടം ആര് ലംഘിച്ചാലും അതിനെ പിന്തുണയ്ക്കില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഭീഷണി ബിജെപിയുടെ സങ്കുചിത മനഃസ്ഥിതിയാണ് പ്രകടമാക്കുന്നത്. കാലുകുത്താൻ വിടില്ല എന്നാണ് ഭീഷണി. അങ്ങനെ നോക്കിയാൽ ഒരു ബിജെപി നേതാക്കന്മാരും മര്യാദയ്ക്ക് നടക്കില്ല. ബിജെപി ഭീഷണിയിൽ വലിയ കാര്യമില്ല.18,000ൽപ്പരം വോട്ടിന് തോറ്റതിന്റെ ദേഷ്യം എംഎൽഎയോട് കാണിച്ചിട്ട് കാര്യമില്ല.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |