SignIn
Kerala Kaumudi Online
Sunday, 27 July 2025 6.36 AM IST

വിവാദമായി ഡാമുകൾക്ക് ചുറ്റുമുള്ള ബഫർസോൺ

Increase Font Size Decrease Font Size Print Page
dam

അണക്കെട്ടുകൾക്ക് ചുറ്റും ബഫർസോൺ ഏർപ്പെടുത്തിയത് വിവാദമായപ്പോൾ പിൻവലിച്ചതും കഴിഞ്ഞയാഴ്ചയിലെ വലിയ വാർത്തയായിരുന്നു. ഡിസംബർ 26നാണ് ജലസംഭരണികളുടെ പരമാവധി ജലനിരപ്പ് മുതൽ തുടങ്ങുന്ന 20 മീറ്റർ കാറ്റഗറി 1, 20 മീറ്റർ മുതൽ 100 മീറ്റർ വരെയുള്ള മേഖല കാറ്റഗറി രണ്ട് എന്നിങ്ങനെ തിരിച്ച് ബഫർസോൺ തീരുമാനിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കിയത്. ഇതനുസരിച്ച് അണക്കെട്ടിന്റെ പരമാവധി സംഭരണ നിരപ്പിന്റെ ആദ്യ 20 മീറ്റർ ചുറ്റളവിൽ ഒരു നിർമ്മാണവും പാടില്ലായിരുന്നു. 100 മീറ്റർ ചുറ്റളവിൽ നിർമ്മാണത്തിന് എക്സിക്യൂട്ടീവ് എൻജിനിയറുടെ എൻ.ഒ.സി വേണം. ഇവിടെയും മൂന്ന് നിലകളിലുള്ള (പരമാവധി 10 മീറ്റർ) നിർമ്മാണ പ്രവർത്തനങ്ങൾക്കേ അനുമതി നൽകൂ. അണക്കെട്ടിന് സമീപമുള്ള നിർമ്മാണങ്ങൾക്ക് നിരാക്ഷേപ സർട്ടിഫിക്കറ്റ് നൽകിയിരുന്നത് കേരള ഡാം സുരക്ഷാ അതോറിട്ടിയായിരുന്നു. 2021ൽ ഡാം സുരക്ഷാ നിയമം നിലവിൽ വന്നതോടെ ഈ സംവിധാനം ഇല്ലാതായി. ഇതിനിടെ ഒരു റിട്ട് ഹർജി പരിഗണിക്കവേ ഇത്തരം നിർമാണങ്ങൾക്ക് നിരാക്ഷേപ സർട്ടിഫിക്കറ്റ് നൽകുന്നതിന് സമയപരിധി നിശ്ചയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് അണക്കെട്ടിന്റെ 20 മീറ്ററും 100 മീറ്ററും ക്യാറ്റഗറി ഒന്നും രണ്ടും ബഫർസോണുകളായി നിശ്ചയിച്ച് ഉത്തരവിറങ്ങിയത്.

ജലവിഭവ വകുപ്പിന് കീഴിലുള്ള 20 ഡാമുകളിൽ ഒമ്പത് എണ്ണം പാലക്കാട് ജില്ലയിലും മൂന്ന് എണ്ണം തൃശൂർ ജില്ലയിലുമാണ്. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, വയനാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓരോ ഡാമുകളും വകുപ്പിന് കീഴിലുണ്ട്. എന്നാൽ വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് സർക്കാർ തടിയൂരി.

ഇതിന് പിന്നാലെയാണ് കെ.എസ്.ഇ.ബി ഡാമുകൾക്ക് ചുറ്റും ബഫർസോൺ ഏർപ്പെടുത്താനുള്ള നീക്കം നടന്നത്. നേരത്തെ ജലവിഭവ വകുപ്പ് ഇറക്കിയ അതേ ഉത്തരവ് കെ.എസ്.ഇ.ബി ഡാമുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് മാർച്ച് 25ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയത്. അൻവർ സാദത്ത് എം.എൽ.എയുടെ ചോദ്യത്തിനായിരുന്നു മറുപടി. ജലവിഭവ വകുപ്പിന്റെ വിവാദ ബഫർ സോൺ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞ ദിവസമായിരുന്നു നടപടി. പരമാവധി ജലനിരപ്പ് വരെയുള്ള സ്ഥലം വൈദ്യുതി ബോർഡ് ജണ്ടകെട്ടി തിരിച്ചിട്ടുണ്ട്. ഇതിന് പുറത്തുള്ള സ്ഥലം പട്ടയ, പട്ടയേതര ഭൂമിയാണ്. ഇവിടെ പതിനായിരക്കണക്കിന് കുടുംബങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, ടൗണുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുണ്ട്. ഇതെല്ലാം ബഫർ സോണിന്റെ പരിധിയിലാകും. സംസ്ഥാനത്ത് കെ.എസ്.ഇ.ബി നിയന്ത്രണത്തിലുള്ള 61 ഡാമുകളിൽ 24 എണ്ണവും ഇടുക്കിയിലാണ്. എന്നാൽ ഈ തീരുമാനവും വിവാദമായതോടെ നടപ്പാക്കില്ലെന്ന് കെ.എസ്.ഇ.ബി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

സർക്കാരിന്റെ ന്യായം

2008 വരെ ഡിഫൻസ് ഓഫ് ഇന്ത്യ ചട്ട പ്രകാരം ബഫർ സോൺ 200 മീറ്ററായിരുന്നു. പിന്നീട് കേരള ഡാം സേഫ്റ്റി അതോറിട്ടി നിലവിൽ വന്നപ്പോൾ ജലാശയങ്ങൾക്ക് ചുറ്റും നിർമ്മാണ അനുമതി തേടിയുള്ള അപേക്ഷകൾ എത്തുമ്പോൾ ഓരോ അപേക്ഷയും വ്യത്യസ്തമായി പരിഗണിച്ച് അനുമതി നൽകുന്നതായി പതിവ്. എന്നാൽ ദേശീയ ഡാം സുരക്ഷാ അതോറിട്ടി നിലവിൽ വന്നതോടെ സംസ്ഥാന ഡാം സുരക്ഷാ അതോറിട്ടി പിരിച്ചു വിടേണ്ടിവന്നു. ഇതോടെ ഇത്തരം അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള സംവിധാനവും ഇല്ലാതായി. മുമ്പുണ്ടായിരുന്ന ഡിഫൻസ് ഒഫ് ഇന്ത്യ ആക്ട് തന്നെ ഇക്കാലയളവിൽ ഇല്ലാതായിരുന്നു. അതുകൊണ്ട് അതിലെ ചട്ടവും കാലഹരണപ്പെട്ടു. ഇതോടെ ഇത്തരം അപേക്ഷകളിൽ അനുമതി നൽകാൻ സർക്കാരിന് മുന്നിൽ ഒരു വ്യവസ്ഥയുമില്ലാത്ത സാഹചര്യം ഉരുത്തിരിയുകയും ചെയ്തു. വയനാട്ടിൽ റിസർവോയറിന് തൊട്ടരികിലായുള്ള നിർമാണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കോടതി നിർദേശപ്രകാരം ഇത്തരമൊരു നിയന്ത്രണം അനിവാര്യമായി മാറുകയും ചെയ്തു. പാലക്കാട് മലമ്പുഴയിൽ കാരവാൻ ടൂറിസത്തിന് അനുമതി നൽകുന്നതിലും നിയമതടസമുണ്ടായി. അതോടൊപ്പം നിരവധി കെട്ടിട നിർമാണ് അപേക്ഷയിലും തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യവും കൂടി കണക്കിലെടുത്താണ് സർക്കാർ 20 മീറ്റർ ബഫർ സോണും 100 മീറ്റർ എൻ.ഒ.സിയോട് കൂടിയുള്ള നിർമ്മാണ അനുമതിയും നൽകാൻ തീരുമാനമെടുത്തത്. പഞ്ചായത്ത് ചട്ടങ്ങൾ പ്രകാരം ഡാമുകളുടെ സമീപം നിർമ്മാണ പ്രവർത്തനം നടത്തണമെങ്കിൽ അതിന്റെ ഉടമസ്ഥാവകാശം ഏതു വകുപ്പിനാണോ ആ വകുപ്പിൽ നിന്ന് നിരാക്ഷേപ പത്രം അനിവാര്യമാണെന്ന നിർദേശം 1986 മുതൽ കൃത്യമായി നടപ്പിലാക്കി വരുന്നതാണ്. എൻ.ഒ.സിക്കായി ജലവിഭവ വകുപ്പിനെ ബന്ധപ്പെടുമ്പോൾ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ അനുമതി നിഷേധിക്കുകയായിരുന്നു പതിവ്. പുതിയ ഉത്തരവ് വന്നതോടെ അപേക്ഷകളിൽ ഉടനടി തീരുമാനമെടുക്കാൻ സാധിക്കും. ഡാമുകളുടെ പരമാവധി ശേഖരണ അളവിൽ നിന്ന് 200 മീറ്റർ ബഫർ സോൺ എന്നുള്ളത് 20 മീറ്ററായി കുറയ്ക്കുകയാണ് ഫലത്തിൽ ചെയ്തതെന്നായിരുന്നു സർക്കാർ വിശദീകരണം.



മുമ്പ് ആവശ്യമില്ലെന്ന് പറഞ്ഞ ഭൂമി
ബഫർ സോണിന്റെ പരിധിയിലാക്കാൻ ആലോചിച്ച കെ.എസ്.ഇ.ബിയുടെ ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലം ബോർഡിന് ആവശ്യമില്ലെന്ന് 1974ൽ അന്നത്തെ വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ ഇട്ടി ഡാർവിൻ തീരുമാനമെടുത്തിരുന്നു. 2017ൽ ഇടുക്കി പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. കേരളത്തിൽ വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിലുള്ള 61 ഡാമുകളിൽ 24 എണ്ണവും ഇടുക്കി ജില്ലയിലാണ്. ഇരട്ടയാർ, പാമ്പാടുംപാറ, നെടുങ്കണ്ടം, രാജാക്കാട്, ശാന്തമ്പാറ, ചിന്നക്കനാൽ, കൊന്നത്തടി, അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ, ബൈസൺവാലി, മൂന്നാർ, മാട്ടുപ്പെട്ടി, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ, മരിയാപുരം, വാഴത്തോപ്പ്, കാമാക്ഷി, കഞ്ഞിക്കുഴി, വാത്തികുടി, അറക്കുളം, മാങ്കുളം, പീരമേട് എന്നീ 24 പഞ്ചായത്തുകളെയും കട്ടപ്പന നഗരസഭയെയും ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കുമായിരുന്നു.

TAGS: DAM, BUFFERZONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.