തിരുവനന്തപുരം: നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രദ്ധ നേടിയ സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ഷൈൻ ടോം ചാക്കോയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റർ പങ്കുവച്ചത്. ചിത്രത്തിന്റെ പോസ്റ്റർ സ്റ്റോറിയായി പങ്കുവച്ച ഷൈൻ നായിക വിൻസിയെ അടക്കം മെൻഷൻ ചെയ്തിട്ടുണ്ട്.
സൂത്രവാക്യം സിനിമയുടെ സെറ്റിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന് വിൻസി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഫിലിം ചേംബറിന് നടി പരാതി നൽകിയിരുന്നു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേരും.
യൂജിൻ ജോസ് ചിറമേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്'സൂത്രവാക്യം'. ഫാമിലി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റഗുല ആണ്. ദീപക് പറമ്പോലും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ കഥ റെജിൻ എസ് .ബാബുവിന്റെതാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിൻ തന്നെയാണ്.ശ്രീറാം ചന്ദ്രശേഖരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നിതീഷ് ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജീൻ പി ജോൺസൺ ആണ് ഈണം നൽകുന്നത്. ശ്രീകാന്ത് കണ്ട്റഗുല, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |