ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്‌റ്റെയ്ൻസിനെയും രണ്ട് മക്കളെയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിന് (51) ശിക്ഷായിളവ്. ഒഡീഷ സർക്കാരിന്റേതാണ് നടപടി. ബുധനാഴ്ച ഇയാൾ ജയിൽ മോചിതനായി. 25 വർഷമായി കിയോഞ്ജർ ജയിലിലായിരുന്നു. നല്ല നടപ്പ് പരിഗണിച്ചാണ് നടപടി. ശിക്ഷായിളവ് സംബന്ധിച്ച ഹെംബ്രാമിന്റെ അപേക്ഷയിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി മാർച്ച് 19ന് ഒഡീഷ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ശിക്ഷാ അവലോകന ബോർഡിന്റെ ശുപാർശകൾ അനുസരിച്ചാണ് മോചനം നടന്നത്. ഹെംബ്രാമിനുപുറമേ, വ്യത്യസ്ത കേസുകളിലുള്ള 30 തടവുകാരും വിവിധ ജയിലുകളിൽ നിന്ന് മോചിതരായി. അതേസമയം, നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നടുക്കിയ കൊല
1999 ജനുവരി 21ന് രാത്രി ഒഡീഷയിലെ മനോഹർപുർ ഗ്രാമത്തിൽവച്ചാണ് ഗ്രഹാം സ്‌റ്റെയ്ൻസിനെയും മക്കളായ തിമോത്ത് (6), ഫിലിപ് (10) എന്നിവരെ വാനിലിട്ട് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ക്രൂരകൃത്യം. രാജ്യത്തിനകത്തും പുറത്തും വൻ പ്രതിഷേധത്തിന് സംഭവം കാരണമായി.
# അറസ്റ്റിലായത് 51 പേർ
കേസിൽ അറസ്റ്റിലായത് 51 പേർ
37 പേർ മൂന്ന് വർഷത്തിനുള്ളിൽ കുറ്രവിമുക്തരായി
2003ൽ പ്രധാന പ്രതി രബീന്ദ്രപാൽ സിംഗ് എന്ന ദാരാ സിംഗിനെ വധശിക്ഷയ്ക്കും ഹെംബ്രാം ഉൾപ്പെടെയുള്ള 12 പ്രതികളെ ജീവപര്യന്തം തടവിനും സി.ബി.ഐ കോടതി ശിക്ഷിച്ചു
പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ വിചാരണചെയ്തു. ഇയാൾ 2008ൽ മോചിതനായി
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരിൽ ഹെംബ്രാം ഒഴികെയുള്ള 11 പേരെ ഒഡീഷ ഹൈക്കോടതി പിന്നീട് വെറുതെവിട്ടു
2005ൽ ദാരാ സിംഗിന്റെ ശിക്ഷ ജീവപര്യന്തമായി ഹൈക്കോടതി ഇളവ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |