കൊച്ചി: ഡാൻസാഫ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഓടിപ്പോയ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പിന്നാലെ പോകാനില്ലെന്ന് പൊലീസ്. നടന് നോട്ടീസ് നൽകുന്ന കാര്യം മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് എ സി പി അബ്ദുൽ സലാം പറഞ്ഞു.
ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നിലവിൽ കേസില്ലെന്ന് എസിപി വ്യക്തമാക്കി. ഹോട്ടലിലെ പരിശോധനയിൽ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡാൻസാഫ് സംഘം എത്തിയതറിഞ്ഞ് രാത്രിയിൽ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ലഹരിയിടപാടുമായി ബന്ധമുള്ള ഒരാളെത്തേടിയാണ് ടൗൺ ഹാൾ മെട്രോ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ഡാൻസാഫ് സംഘം ബുധനാഴ്‌ച രാത്രി 10.50ഓടെ എത്തിയത്. രജിസ്റ്റർ പരിശോധിച്ചപ്പോൾ ഷൈൻ ടോം ചാക്കോ താമസിക്കുന്നതായി അറിഞ്ഞു. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുറിയിൽ കയറാൻ തീരുമാനിച്ചു. ഷൈൻ താമസിക്കുന്ന മൂന്നാം നിലയിലെ 314-ാം നമ്പർ മുറിയിലേക്ക് റിസപ്ഷനിൽ നിന്ന് സംഘം നീങ്ങുമ്പോഴാണ് ഷൈൻ മുങ്ങിയത്. നടൻ നിലവിൽ പൊള്ളാച്ചിയിലെ റിസോർട്ടിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സിനിമാ സെറ്റിൽവച്ച് ഷൈൻ മോശമായി പെരുമാറിയെന്ന നടി വിൻസിയുടെ ആരോപണത്തിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസിൽ ആശയക്കുഴപ്പമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ വിൻസിയോട് സംസാരിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
വിൻസിയുടെ മൊഴിയെടുക്കാൻ നേരത്തെ എക്‌സൈസ് കുടുംബത്തിന്റെ അനുമതി തേടിയിരുന്നു. നിയമ നടപടിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നുമാണ് നടിയുടെ അച്ഛൻ എക്‌സൈസിന് നൽകിയ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |