ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കലാപമായി മാറിയ ബംഗാളിലെ മുർഷിദാബാദ്, മാൽഡ, ദുലിയൻ, ജംഗിപൂർ തുടങ്ങിയ മേഖലകൾ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് സന്ദർശിച്ചു. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം വെള്ളിയാഴ്ച കലാപബാധിത മേഖലയിലെത്തിയത്. യാത്ര ഒഴിവാക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ അഭ്യർത്ഥന തള്ളി. കലാപത്തിൽ കൊല്ലപ്പെട്ട ഹരോഗോബിന്ദോ ദാസ്, ചന്ദൻ ദാസ് എന്നിവരുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. കൊല്ലപ്പെട്ടത് പിതാവും മകനുമായിരുന്നു. മുർഷിദാബാദിലെയും മാൽഡയിലെയും ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾ, കുട്ടികളെ ഉൾപ്പെടെയുള്ളവരെ കണ്ടു. അവരുടെ പരാതികളും വേദനകളും കേട്ടു. സുരക്ഷ, തൊഴിൽ, നഷ്‌ടപരിഹാരം എന്നിവ ഉറപ്പാക്കണമെന്ന് ക്യാമ്പുകളിൽ കഴിയുന്നവർ ഗവർണറോട് ആവശ്യപ്പെട്ടു. സ്ഥിരമായി കേന്ദ്രസേനയുടെ സുരക്ഷ വേണം. വിഷമങ്ങൾ കേട്ട ആനന്ദബോസ്, ഉദ്യോഗസ്ഥരമായും മേഖലയിലെ സാമൂഹ്യ പ്രവർത്തകരുമായും കൂടിയാലോചന നടത്തി. സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ ആവശ്യമായതെല്ലാം ഉറപ്പാക്കുമെന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഗവർണർ ഉറപ്പു നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏപ്രിൽ 8 മുതൽ 12 വരെ നടന്ന കലാപത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 275ൽപ്പരം അക്രമികൾ അറസ്റ്റിലായി. അതിനിടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളും മുർഷിദാബാദ് സന്ദർശിച്ചു.
അക്രമികളെ
അടിച്ചമർത്തും
നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും എന്ത് വിലകൊടുത്തും അക്രമം അടിച്ചമർത്തുമെന്നും ആനന്ദബോസ് പ്രതികരിച്ചു. ബംഗാളിന്റെ ചില ഭാഗങ്ങളിൽ നടക്കുന്നത് ഞെട്ടിക്കുന്നതും നിഭാഗ്യകരവുമായ കാര്യങ്ങളാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്. ആവർത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണാധികാരികളുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. ബംഗാളിനെ കാർന്നുതിന്നുന്ന അർബുദങ്ങളാണ് അക്രമവും അഴിമതിയും. അതിനെതിരെയുള്ള പോരാട്ടം ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടം കൂടിയാണ്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആനന്ദബോസ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |