പ്രദർശനം 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മൂന്നാമത് സഹകരണ എക്സ്‌പോ നാളെ മുതൽ ഏപ്രിൽ 30വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും. ഏപ്രിൽ 23ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും തമിഴ്നാട്, ബീഹാർ സഹകരണ മന്ത്രിമാരും പങ്കെടുക്കും. ഭരണഘടന വിഷയങ്ങൾ ഉൾപ്പെടെ എക്സ്‌പോയിൽ ചർച്ച ചെയ്യുമെന്ന് സഹകരണ,ദേവസ്വം മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരുമയുടെ പൂരം എന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ 400ൽ അധികം ഉത്‌പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകും.70,000ചതുരശ്ര അടിയിലുള്ള ശീതീകരിച്ച ഹാളിൽ 260ൽ അധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വിഭവങ്ങളുടെ 12,000ചതുരശ്ര അടിയിലുള്ള ഫുഡ് കോർട്ടും പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേക വേദിയുമുണ്ടാകും. സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങൾ എന്നിവയ്ക്കൊപ്പം വിവിധ ജനകീയ പദ്ധതികളും പ്രവർത്തനങ്ങളും ഉൾപ്പെടുന്ന പവലിയനും എക്‌സ്‌പോയിലുണ്ട്.
വിപുല പങ്കാളിത്തം
ദേശീയതലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രമുഖ സഹകരണ സംഘങ്ങളുടെയും സ്റ്റാളുകൾ ഇവിടെയുണ്ടാകും. ഇന്റർനാഷണൽ കോ ഓപ്പറേറ്റീവ് അലയൻസിന്റെ അന്താരാഷ്ട്ര സഹകരണ വർഷം 2025ന്റെ പ്രമേയമായ 'കോ ഓപ്പറേറ്റീവ്സ് ബിൽഡ് ഫോർ എ ബെറ്റർ ഫ്യൂച്ചർ' അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് വി.എൻ വാസവൻ പറഞ്ഞു.
വിദേശ പ്രതിനിധികളുടെ സാന്നിദ്ധ്യം
അമേരിക്ക,ഇന്തോനേഷ്യ, ഫിജി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ട് പങ്കെടുക്കും. ഓസ്ട്രേലിയ,സ്പെയിൻ എന്നിവിടങ്ങളിലെ പ്രതിനിധികൾ ഓൺലൈനായി പങ്കെടുക്കും. ഉത്‌പന്നങ്ങളുടെ വിപണനോദ്‌ഘാടനത്തിനായി പ്രത്യേക സംവിധാനമൊരുക്കും. 26ന് വൈകിട്ട് അഞ്ചിന് സാംസ്ക്കാരിക സമ്മേളനം, 27ന് യുവസഹകരണ സമ്മേളനം എന്നിവയുണ്ടാകും. ഏപ്രിൽ 30 വരെ നടക്കുന്ന എക്‌സ്‌പോയുടെ പോസ്റ്റർ വി. എൻ വാസവൻ പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |