ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ. ദിനജ്പൂർ ഗ്രാമത്തിൽ നടന്ന സംഭവം ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾ പീഡിക്കപ്പെടുന്നതിന്റെ തുടർച്ചയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ച. ഏറെ ദുഃഖത്തോടെയാണ് വാർത്ത കേട്ടത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിറവേറ്റണം. വിവേചനം കാണിക്കരുത്. ഒഴികഴിവുകളും കണ്ടെത്തരുത്. മുൻകാല സംഭവങ്ങളിലെ കുറ്റവാളികൾ ശിക്ഷാനടപടികളില്ലാതെ സ്വൈര്യ വിഹാരം നടത്തുകയാണെന്നും ജയ്‌സ്വാൾ പറഞ്ഞു.
ക്രൂര കൊലപാതകം
ബംഗ്ലാദേശ് പൂജാ ഉദ്ജപാൻ പരിഷദിന്റെ ബൈറൽ യൂണിറ്റ് ഉപാദ്ധ്യക്ഷനായിരുന്ന ഭബേഷ് ചന്ദ്ര റോയിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച അക്രമികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. അബോധാവസ്ഥയിലായ ഭബേഷിനെ വീട്ടിലേക്ക് വാനിൽ കയറ്റിവിട്ടു. കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
അപലപിച്ച് കോൺഗ്രസ്
സംഭവത്തെ അപലപിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കേന്ദ്രസർക്കാരിന്റെ നയതന്ത്ര തലത്തിലെ പരാജയമാണെന്ന് ആരോപിച്ചു. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഹിന്ദുക്കൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നു. പാർലമെന്റിൽ രണ്ടു മാസം മുൻപ് കേന്ദ്രം നൽകിയ മറുപടിയിൽ 76 ആക്രമണങ്ങൾ ഹിന്ദുക്കൾക്ക് നേരെ ബംഗ്ലാദേശിലുണ്ടായെന്ന് വ്യക്തമാക്കിയിരുന്നു. 23 ഹിന്ദുക്കൾ കൊല്ലപ്പെട്ടു. മറ്റു മത ന്യൂനപക്ഷങ്ങൾക്കെതിരെയും ആക്രമണം നടക്കുന്നു. ബംഗ്ലാദേശിലെ ചീഫ് അഡ്വൈസർ ഇന്ത്യയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയുടെ നേർസാക്ഷ്യമാണ് സംഭവമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. അടിയന്തര സ്വഭാവത്തോടെ കേന്ദ്രം ഇടപെട്ട് കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |