ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് എട്ട് ചീറ്റകളെകൂടി ഇന്ത്യയിലെത്തിക്കും. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. വെള്ളിയാഴ്ച ഭോപ്പാലിൽ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തിൽ ദേശീയ കടുവ സംരക്ഷണ അതോറിട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗം. നാല്ചീറ്റകളെ മേയിൽ എത്തിക്കും. പ്രോജക്ട് ചീറ്റ പദ്ധതിക്കുകീഴിൽ ചീറ്റകളെ ഘട്ടംഘട്ടമായി രാജസ്ഥാൻ അതിർത്തിയോട് ചേർന്ന ഗാന്ധി സാഗർ സങ്കേതത്തിലേക്ക് മാറ്റും. കെനിയയിൽനിന്ന് ചീറ്റകളെ എത്തിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മദ്ധ്യപ്രദേശും രാജസ്ഥാനും തമ്മിൽ ഒരു അന്തർ സംസ്ഥാന ചീറ്റ സംരക്ഷണ മേഖല സ്ഥാപിക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിട്ടി തീരുമാനിച്ചിട്ടുണ്ട്. കുനോ നാഷനൽ പാർക്കിലും ഗാന്ധി സാഗർ സങ്കേതത്തിലുമുള്ള ചീറ്റകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകുമെന്ന് മദ്ധ്യപ്രദേശ് സർക്കാർ അറിയിച്ചു. ചീറ്റകളെ നിരീക്ഷിക്കുന്നതിനായി സാറ്റലൈറ്റ് കോളർ ഘടിപ്പിക്കും. ഇതുവരെ 112 കോടിയിലധികം രൂപയാണ് രാജ്യം ചീറ്റകൾക്കുവേണ്ടി ചെലവഴിച്ചത്. ഇതിൽ 67 ശതമാനം മദ്ധ്യപ്രദേശിലെ ചീറ്റ പുനരധിവാസത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കുനോ ദേശീയോദ്യാനത്തിൽ 26 ചീറ്റകളുണ്ടെന്ന് വനം ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു, അതിൽ 16 എണ്ണം തുറന്ന വനത്തിലും 10 എണ്ണം പുനരധിവാസ കേന്ദ്രത്തിലുമാണ്. ജ്വാല, ആശ, ഗാമിനി, വീര എന്നീ ചീറ്റകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ട് വർഷത്തിനുള്ളിൽ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |