തിരുവനന്തപുരം: വ്യാജരേഖകൾ ചമച്ച് സംസ്ഥാന അമച്വർ ബോക്സിംഗ് അസോസിയേഷന്റെ ഭരണം പിടിച്ചെടുത്തവർക്കെതിരെ കോടതി നിർദേശപ്രകാരം കേസെടുത്തിട്ടും പൊലീസ് നടപടിയില്ലെന്ന് മുൻ ബോക്സിംഗ് താരങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.കെ.സൂരജ്, സെക്രട്ടറി വിൽസൺ പെരേര , ട്രഷറർ അജിത്ത് വിൽഫ്രഡ്, വൈസ് പ്രസിഡന്റ് കെ.അജിത്ത് അടക്കം 22 പേർക്കെതിരെയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം വ്യാജരേഖ ചമയ്ക്കലിന് കഴിഞ്ഞ മാർച്ചിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. എന്നാൽ രാഷ്ട്രീയസ്വാധീനം കൊണ്ട് സംഘടനാ ഭാരവാഹികൾക്കെതിരെ നിയമപരമായ നടപടികൾ പൊലീസ് വൈകിപ്പിക്കുകയാണെന്നും പരാതിക്കാരുടെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും മുൻ ബോക്സിംഗ് താരങ്ങളായ സുശീൽ കുമാർ, ക്യാപ്ടൻ ക്രിസ്റ്റർ ഡിക്രൂസ്റ്റ, അഡ്വ. ഡാനിയൽ, ദീപേഷ് വി.സി , എ.ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഓഡിറ്റ് റിപ്പോർട്ട് കൃത്യമായി സമർപ്പിക്കാത്തതിനെ തുടർന്ന് സി.ബി റജി ജനറൽ സെക്രട്ടറിയായിരിക്കെ സംഘടനയെ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ സസ്‌പെൻഡ് ചെയ്തിരുന്നു. റജി രോഗബാധിതനായതോടെ സംഘടനയുടെ രജിസ്‌ട്രേഷനും പുതുക്കിയിരുന്നില്ല. റജി മരണപ്പെട്ടതോടെ ഡോ.എൻ.കെ.സൂരജ്, കെ.അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഘടനയുടെ വ്യാജസീലുകൾ നിർമ്മിച്ച് കൃത്രിമ രേഖകളുണ്ടാക്കി സംഘടനയുടെ രജിസ്‌ട്രേഷൻ പുതുക്കിയെന്നും പുതിയ ഭരണസമിതി രൂപവത്കരിച്ച് വ്യാജരേഖകൾ സ്‌പോർട്സ് കൗൺസിൽ സമർപ്പിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഇതുസംബന്ധിച്ച് സംസ്ഥാന സ്‌പോർട്സ് കൗൺസിലിന് പരാതി നൽകിയിട്ടും അനുകൂല തീരുമാനമുണ്ടായില്ല. സംഘടനയുടെ ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചിട്ടും സസ്‌പെൻഷൻ പിൻവലിക്കാൻ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സുശീൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |