വാഷിംഗ്ടൺ: ഇന്ത്യൻ ഏജൻസികൾ തേടുന്ന ഖാലിസ്ഥാൻ ഭീകരനായ ഹർപ്രീത് സിംഗ് (ഹാപ്പി പാസിയ) യു.എസിൽ അറസ്റ്റിൽ. യു.എസിൽ അനധികൃതമായി കടന്ന ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു. യു.കെ, മെക്സിക്കോ എന്നിവിടങ്ങളിലും ഇയാൾ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ചു. നിലവിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) കസ്റ്റഡിയിലുള്ള ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ ആറ് മാസത്തിനിടെ പഞ്ചാബിലുണ്ടായ 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയാണ് സിംഗ്. 2024 നവംബർ മുതൽ അമൃത്സറിലെ പൊലീസ് കേന്ദ്രങ്ങളെയും പ്രമുഖരുടെ വീടുകളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഗ്രനേഡ് സ്ഫോടന പരമ്പരകൾക്ക് പിന്നാലെ പൊലീസ് ഇയാൾക്കായി അന്വേഷണം തുടങ്ങിയിരുന്നു. ആക്രമണങ്ങളിൽ പലതിന്റെയും ഉത്തരവാദിത്വം സോഷ്യൽ മീഡിയയിലൂടെ ഇയാൾ ഏറ്റെടുത്തിരുന്നു.
പാകിസ്ഥാന്റെ ചാര ഏജൻസിയായ ഐ.എസ്.ഐ, ഖാലിസ്ഥാനി ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചാണ് ഇയാൾ ആക്രമണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്. സിംഗ് അടക്കം ബബ്ബർ ഖൽസ ഇന്റർനാഷണലിൽപ്പെട്ട നാല് പേർക്കെതിരെ എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗ്രനേഡ് ആക്രമണങ്ങൾ നടത്താൻ ചണ്ഡിഗർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അക്രമികൾക്ക് ഇവർ വിദേശത്ത് നിന്ന് ധനസഹായവും ആയുധങ്ങളും നൽകിയെന്ന് എൻ.ഐ.എ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |