കോട്ടയം : ഉന്നതശ്രേണിയിലുള്ളവരെയടക്കം കെണിയിൽ വീഴ്‌ത്തി സൈബർ തട്ടിപ്പ് സംഘം ഇതുവരെ കൈക്കലാക്കിയത് 50 കോടി. കഴിഞ്ഞ വർഷം നൂറിലേറെ സൈബർ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. മാനഹാനിയോർത്ത് പരാതിപ്പെടാത്തവരുടെ കണക്ക് കൂടി പരിശോധിച്ചാൽ ഇതിലുമേറും. അതേസമയം പൊലീസിന്റെ നിരന്തര ഇടപെടലും ബോധവത്കരണവും മൂലം ഈ വർഷം പരാതികളിൽ കുറവുണ്ട്. ഓൺലൈൻ ട്രേഡിംഗ്, വെർച്വൽ അറസ്റ്റ്, ഹണിട്രാപ്പ് എന്നിവയിലൂടെയാണ് ഏറെപ്പേർക്കും പണം നഷ്ടമായത്. ഐ.ടി ജീവനക്കാർ, വീട്ടമ്മമാർ, ഡോക്ടർമാർ, അദ്ധ്യാപകർ എന്നിങ്ങനെയുള്ളവരാണ് തട്ടിപ്പിനിരയാകുന്നവർ. പലരും മാസങ്ങൾക്ക് ശേഷമാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ട്രേഡിംഗിൽ പണം നഷ്ടമായ ചിലർ ഉടൻ പരാതി നൽകിയതിനാൽ അന്യസംസ്ഥാനക്കാരായ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനായി. ഒ.ടി.ടി നമ്പർ കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് ഒരുപരിധിവരെ തടയാനായി. എന്നാൽ മോട്ടോർവാഹന വകുപ്പ് ഉൾപ്പെടെയുള്ളവയുടെ പേരിലുള്ള തട്ടിപ്പ് കൂടി.
സ്ത്രീകളുടെ പരാതി കൂടുതൽ
സ്ത്രീകളെ വഞ്ചിക്കുന്ന കേസുകളാണ് കൂടുതൽ. 403 പരാതികളാണ് ലഭിച്ചിരിക്കുന്നത്. സൈബർ തട്ടിപ്പ്, സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കൽ, പണം തട്ടൽ തുടങ്ങിയവയാണ് ഭൂരിഭാഗവും. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാൻ സാദ്ധ്യത കൂടുതലാണ്.
അധിക്ഷേപങ്ങൾക്ക് അറുതിയില്ല
പരിചയമില്ലാത്ത സൗഹൃദ അഭ്യർത്ഥന നിരസിക്കുക
സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുത്
ബിസിനസ് പ്രമോഷന് നമ്പർ ആവശ്യപ്പെട്ടാൽ നൽകരുത്
പരിചയമില്ലാത്തവർ ഷെയർ ചെയ്യുന്ന ലിങ്കുകളിൽ പ്രവേശിക്കരുത്
ചതിയിൽപ്പെട്ടാൽ മറച്ചുവയ്ക്കാതെ പൊലീസിൽ അറിയിക്കുക
''വാട്‌സ് ആപ്പിലും, ഫേസ്ബുക്കിലും വരുന്ന വ്യാജ ഫ്രണ്ട്‌സ് റിക്വസ്റ്റുകളെ തിരിച്ചറിയണം. ഇത്തരം സൗഹൃദ അഭ്യർത്ഥനകൾ വരുമ്പോഴും, ചാറ്റ് ചെയ്യുമ്പോഴും കരുതൽ എടുക്കുക. പരിചയമില്ലാത്തവരോട് വീഡിയോ കാൾ ചെയ്യാതെ ഇരിക്കുന്നതാണ് ബുദ്ധി.
-സൈബർ വിദഗ്ദ്ധർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |