ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി ന്യൂഡൽഹിയിൽ ചർച്ച നടത്തി. ഇന്ത്യ-യു.എസ് തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ച ചർച്ചയിൽ യു.എസ് വ്യാപാര നയങ്ങളിലെ മാറ്റങ്ങൾ സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി മോദി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ഉഭയകക്ഷി വ്യാപാര കരാർ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ ഉൾപ്പെടെ 60 ഓളം രാജ്യങ്ങളെ ബാധിക്കുന്ന വിശാലമായ താരിഫ് നയം പ്രഖ്യാപിക്കുകയും താത്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.
ഇന്ത്യ-യു.എസ് ബന്ധത്തിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഊർജ്ജം,പ്രതിരോധം,തന്ത്രപരമായ സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പരസ്പര താത്പര്യമുള്ള വിവിധ പ്രാദേശിക,ആഗോള വിഷയങ്ങളും ചർച്ച ചെയ്‌തു. യു.എസ് പ്രസിഡന്റ് ട്രംപിനുള്ള ആശംസകൾ പ്രധാനമന്ത്രി കൈമാറി. ട്രംപ് ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന പ്രതീക്ഷയിലാണെന്നും മോദി പറഞ്ഞു.
വൈകുന്നേരം തന്റെ ഔദ്യോഗിക വസതിയിലെത്തിയ യു.എസ് വൈസ് പ്രസിഡന്റിനെയും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷാ വാൻസിനെയും മൂന്ന് കുട്ടികളെയും പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. വാൻസിന്റെ മകനെ മോദി ചേർത്തിരുത്തി കുശലം ചോദിക്കുന്നതും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വീഡിയോയിൽ കാണാം.
നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാവിലെ 9.30 ഓടെയാണ് വാൻസും ഭാര്യ ഉഷയും യു.എസ് ഉദ്യോഗസ്ഥരുടെ സംഘവും ഡൽഹിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |