തൊടുപുഴ: സർക്കാർ കുപ്പിവെള്ളമായ ഹില്ലി അക്വ ഉത്പാദനം ഇരട്ടിയാക്കുന്നു. കോഴിക്കോടും ആലുവയിലും ഇതിനായി പുതിയ പ്ലാന്റുകൾ സ്ഥാപിക്കും. ആലുവയിൽ 20 ലിറ്റർ ജാറിന്റെ ഉത്പാദനം നടത്തുന്നതിനുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ജലവിഭവ വകുപ്പിനു കീഴിൽ ഇവിടെയുള്ള പഴയ കെട്ടിടം നവീകരിച്ചാണ് പ്ലാന്റ് സ്ഥാപിക്കുക. ഇതിനുള്ള ടെൻഡർ നടപടികളായി. അഞ്ചു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. കോഴിക്കോട് ചക്കിട്ടപ്പാറയിൽ കെട്ടിടമുള്ള സ്ഥലം ലീസിനെടുത്ത് പ്ലാന്റ് സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. പെരുവണ്ണാമൂഴിയിൽ സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടമടക്കം നിർമ്മിക്കുന്നതിന് ചെലവേറും. ഇതിനാലാണ് ചക്കിട്ടപ്പാറയിലെ കെട്ടിടമുള്ള സ്ഥലം നോക്കുന്നത്. കുറ്റ്യാടി അണക്കെട്ടിൽ നിന്നാകും പ്ലാന്റിലേക്ക് വെള്ളമെടുക്കുക. തൊടുപുഴ മലങ്കരയിൽ ഒരു ലൈനിലായിരുന്ന ഉത്പാദനം രണ്ടാക്കും. നിലവിൽ ദിവസം 4,800 കെയിസ് കുപ്പിവെള്ളമാണ് രണ്ട് ഷ്ര്രിഫുകളിലായി തൊടുപുഴയിൽ ഉത്പാദിപ്പിക്കുന്നത്. രണ്ട് ഷ്ര്രിഫുകളിലായി 3,200 കെയിസ് ഉത്പാദിപ്പിക്കുന്ന അരുവിക്കരയിലും ഉത്പാദനം ഇരട്ടിയാക്കുന്നതിന് നപടികൾ പൂർത്തിയായി. ഹില്ലി അക്വ കുപ്പിവെള്ളം വിദേശത്തേക്ക് കയറ്റിയയ്ക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്.
വില്പനയിൽ 30% വർദ്ധന
11.4 കോടി രൂപയാണ് 2024- 25 സാമ്പത്തിക വർഷം കമ്പനിയുടെ വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷം 8.75 കോടിയായിരുന്ന വിറ്റുവരവാണ് ഇക്കുറി 30 ശതമാനത്തോളം വർദ്ധിച്ചത്. തൊടുപുഴ മലങ്കര, തിരുവനന്തപുരം അരുവിക്കര പ്ലാന്റുകളിലാണ് ഉത്പാദനം. ജലസേചന വകുപ്പിന് കീഴിലുള്ള കമ്പനി മറ്റ് കുപ്പിവെള്ളങ്ങളേക്കാൾ അഞ്ചു രൂപ കുറച്ച് 15 രൂപയ്ക്കാണ് വില്പന. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലേക്കും ഹില്ലി അക്വ എത്തുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, കാക്കനാട്, വിയ്യൂർ, ചീമേനി തുടങ്ങിയ ജയിലുകളിലും ഹില്ലി അക്വയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |