തൃശൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ കയറി യാത്രചെയ്തതുകൊണ്ട് വികസനം വരില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളം സംസ്ഥാന പര്യടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽനടത്തിയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ജില്ലയിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പര്യടനത്തിന്റെ ഭാഗമായ കൺവെൻഷനുകൾ. മോദി സർക്കാരിന്റെ നയത്തിലൂടെ തമിഴ്‌നാട്ടിലും കർണാടകയിലും കോടികളുടെ നിക്ഷേപവും തൊഴിൽ സാദ്ധ്യതകളുമാണ് വന്നത്. കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് വികസനം വരാത്തതെന്ന് ജനം തിരിച്ചറിയണം. ബി.ജെ.പിക്ക് മാത്രമേ കേരളത്തിൽ വിസകനം കൊണ്ടുവരാനാകൂ.
ആശ വർക്കർമാർക്ക് നൂറ് രൂപ പോലും കൊടുക്കാതെ കോടികൾ മുടക്കിയാണ് മുഖ്യമന്ത്രി വാർഷികം ആഘോഷിക്കുന്നത്. 35 വർഷമായി ഇടത്, വലത് മുന്നണികൾ ഭരിച്ചിട്ടും മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. മോദി സർക്കാർ ഇന്ത്യയിൽ വികസനം കൊണ്ടുവന്നത് പോലെ കേരളത്തിലും വികസനം വരുത്താനാണ് ബി.ജെ.പി മിഷൻ 2025 പദ്ധതിയുമായി രംഗത്തിറങ്ങിയത്. നേതാവാകാൻ വന്നതല്ല, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ നേതാക്കളാക്കാൻ വന്നതാണ്. കേരളത്തിൽ പാർട്ടിയെ അധികാരത്തിലേറ്റണമെന്നതാണ് ലക്ഷ്യം.തൃശൂർ സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രീധരൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, നേതാക്കളായ എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, അഡ്വ.എസ്.സുരേഷ്, എ.നാഗേഷ്, സി.സദാനന്ദൻ മാസ്റ്റർ, അഡ്വ.കെ.കെ.അനീഷ് കുമാർ, വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, അനൂപ് ആന്റണി, പി.കെ.ബാബു, എം.എസ്.സമ്പൂർണ, എ.ആർ.അജിഘോഷ്, എൻ.ഡി.എ ജില്ലാ കൺവീനർ അതുല്യ ഘോഷ് വെട്ടിയാട്ടിൽ, അഡ്വ.കെ.ആർ.ഹരി, എം.എസ്.സമ്പൂർണ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |