ന്യൂഡൽഹി: ജുഡിഷ്യറിക്കെതിരെയുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ,ബി.ജെ.പി എം.പി നിഷികാന്ത് ദുബെ തുടങ്ങിയവരുടെ പരാമർശങ്ങളിൽ കോടതിയലക്ഷ്യനടപടിക്ക് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ നിലപാട് നിർണായകമാകും. നിഷികാന്ത് ദുബെയുടെ പരാമർശങ്ങൾ ഇന്നലെ അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അറ്റോർണി ജനറലിനെ സമീപിക്കാനായിരുന്നു ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നിർദ്ദേശം. സുപ്രീംകോടതിയിലെ നടപടിക്രമം അനുസരിച്ച്,അവിടെ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കണമെങ്കിൽ അറ്റോർണി ജനറലിന്റെ അനുമതി അനിവാര്യമാണ്. പരാതിയിൽ കഴമ്പുണ്ടെങ്കിൽ എ.ജി അനുമതി നൽകുമെന്ന് ജസ്റ്രിസ് ഗവായ് ഇന്നലെ പരാമർശിച്ചു.
മലയാളി അഭിഭാഷകനും
ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യഹർജി സമർപ്പിക്കാൻ അനുമതി തേടി മലയാളി അഭിഭാഷകനായ സുഭാഷ് തെക്കേടൻ അറ്റോർണി ജനറലിന് അപേക്ഷ നൽകി. നിഷികാന്ത് ദുബെ,അഗ്നിമിത്ര പോൾ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ ബ്രജേഷ് സിംഗ്,ശിവ് കുമാർ ത്രിപാഠി തുടങ്ങിയവരും രംഗത്തെത്തി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്കും സുപ്രീംകോടതിക്കും എതിരെയായിരുന്നു നിഷികാന്ത് ദുബെയുടെ പരാമർശങ്ങൾ. ജഡ്‌ജിമാർ സൂപ്പർ പാർലമെന്റ് ചമയുകയാണെന്നും, ഭരണഘടനയിലെ 142ാം അനുച്ഛേദം ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ഉപരാഷ്ട്രപതി വിമർശിച്ചു. കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് അഞ്ചിൽപ്പരം അപേക്ഷകളാണ് എ.ജിക്ക് മുന്നിലുള്ളത്.
കോൺഗ്രസിനെതിരെ ബി.ജെ.പി
കോൺഗ്രസ് തങ്ങളുടെ ഭൂതകാലം അറിയണമെന്ന്,മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രസംഗം പങ്കുവച്ചു കൊണ്ട് ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി. അടിയന്തരവാസ്ഥ കാലത്തെ നടപടികൾ അന്വേഷിക്കാൻ ജസ്റ്റിസ് ജയന്തിലാൽ ഛോട്ടാലാൽ ഷാ കമ്മിഷനെ ജനതാ പാർട്ടി സർക്കാർ നിയോഗിച്ചിരുന്നു. ഈനടപടിയെ ചോദ്യംചെയ്യുന്ന ഇന്ദിരാ ഗാന്ധിയുടെ വീഡിയോയാണ് ബി.ജെ.പി നേതാവ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. രാഷ്ട്രീയ ലോകത്തെ സംഭവ വികാസങ്ങൾ ഒരു ജഡ്‌ജിക്ക് എങ്ങനെ മനസിലാകുമെന്ന ചോദ്യം ഇന്ദിര ഉന്നയിക്കുന്നതാണ് വീഡിയോയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |