കാസർകോട്: തലപ്പാടി മുതൽ ചെങ്കള വരെ 39 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യറീച്ച് പ്രവൃത്തി പൂർത്തിയായി. സംസ്ഥാനത്തിന് അഭിമാന നിമിഷമെന്ന് കാസർകോട്ട് എത്തിയ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആദ് റീച്ച് സന്ദർശനത്തിന്റെ ഭാഗമായി 27 മീറ്റർ വീതിയിൽ ദക്ഷിണേന്ത്യയിലെ ബോക്സ് ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപാലം മന്ത്രി സന്ദർശിച്ചു. ദേശീയപാത വികസനം കാസർകോടിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും കേരളത്തിന്റെ വടക്കേ അറ്റത്തെ ആദ്യ റീച്ച് ആദ്യമായി പൂർത്തീകരിക്കുന്നു എന്നതും പ്രത്യേകതയാണെന്ന് മന്ത്രി പറഞ്ഞു.
എം.രാജഗോപാലൻ എം.എൽ.എ, എൻ.എച്ച്.എ.ഐ ഡെപ്യൂട്ടി മാനേജർ ജസ്പ്രീത്, ടീം ലീഡർ എസ്.കെ.സിൻഹ, യു.എൽ.സി.സി ഡയറക്ടർമാരായ പി.പ്രകാശൻ, കെ.ടി രാജൻ, പി.കെ.ശ്രീജിത്ത്, പ്രൊജക്ട് മാനേജർ എം.നാരായണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
1.12 കി.മി ഒറ്രത്തൂൺ പാലം
ആദ്യറീച്ചിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷം കാസർകോട് നഗരത്തിലൂടെയുള്ള 1.12 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റത്തൂൺ മേൽപാലമാണ്. ദക്ഷിണേന്ത്യയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപാലമാണിത്.പാലത്തിന് 27 മീറ്റർ വീതിയിയാണുള്ളത്. ഇതിന് പുറമെ 210 മീറ്റർ ദൈർഘ്യമുള്ള മറ്റൊരു മേൽപ്പാലം ഉപ്പളയിൽ സജ്ജമാക്കിയിട്ടുണ്ട്. മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള പുഴകളെ ബന്ധിപ്പിക്കുന്ന വലിയ പാലങ്ങളും ആദ്യ റീച്ചിലെ പ്രധാന കാഴ്ചയാണ്.
ആദ്യറീച്ചിൽ
2 മേൽപാലങ്ങൾ
4 മേജർ ബ്രിഡ്ജുകൾ
4മൈനർ ബ്രിഡ്ജുകൾ
21 അണ്ടർ പാസുകൾ
10 ഫൂട്ട് ഓവർ ബ്രിഡ്ജുകൾ
2 ഓവർ പാസുകൾ
10 വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിക്കാനിരുന്ന പദ്ധതിയാണ് 2016ൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തുടങ്ങാൻ സാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായും ചർച്ച ചെയ്തു.രാജ്യ ചരിത്രത്തിൽ ആദ്യമായി ദേശീയപാതയ്ക്കായി സംസ്ഥാന സർക്കാർ 5800 കോടി രൂപ ചെലവഴിച്ച പദ്ധതിയാണിത്.ഓരോ ഘട്ടത്തിലും മുഖ്യമന്ത്രി വിവിധ റീച്ചുകളിലെ പ്രശ്നങ്ങൾ പഠിച്ച് വിവിധ വകുപ്പുകളുമായി യോഗം ചേർന്ന് പരിഹരിച്ചു. ദേശീയപാത പുരോഗതി വിലയിരുത്താൻ ഓഫീസ് മീറ്റിംഗുകളും ഫീൽഡ് വിസിറ്റുകൾ നടത്തിയും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുയായിരുന്നു-മന്ത്രി മുഹമ്മദ് റിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |