ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗദിയിൽ ഊഷ്മള വരവേൽപ്പ്. മോദിക്കായി ആകാശത്ത് അപൂർവ ആദരവാണ് സൗദി ഒരുക്കിയത്. മോദിയുടെ എ വൺ പ്രത്യേക വിമാനം ഗൾഫ് വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, സൗദി അറേബ്യയിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു.വിമാനത്തിന് സൗദിയുടെ എഫ് -15 ജെറ്റുകൾ അകമ്പടി സേവിക്കുന്നതിന്റെ ദൃശ്യങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടാൻ പോകുന്നതിന്റെ സൂചനയാണെന്നും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഉച്ചയ്ക്കുശേഷം ജിദ്ദ വിമാനത്താവളത്തിൽ മോദിയെ 21 ആചാര വെടികളോടെയാണ് സ്വീകരിച്ചത്.
സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദുമായി ഇന്ത്യ-സൗദി അറേബ്യ പങ്കാളിത്ത കൗൺസിലിന്റെ രണ്ടാം യോഗത്തിൽ മോദി പങ്കെടുത്തു. ഇന്ത്യൻ തീർത്ഥാടക ക്വാട്ട ഉൾപ്പെടെയുള്ള ഹജ്ജ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്തു. ബഹിരാകാശം, ആരോഗ്യം, തപാൽ, കായികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നാല് പ്രധാന ധാരണാപത്രങ്ങളിൽ ഒപ്പിട്ടു.
സൗദി സഹായത്തോടെ ഇന്ത്യയിൽ രണ്ട് ഓയിൽ റിഫൈനറികൾ സ്ഥാപിക്കാനും ധാരണയായി. ജമ്മു കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദി രാത്രിയോടെ ഇന്ത്യയിലേക്ക് മടങ്ങി.
സൗദി അറേബ്യയുമായുള്ള നീണ്ടതും ചരിത്രപരവുമായ ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്ന് ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടാൻ നേരം മോദി പറഞ്ഞു. സമീപ വർഷങ്ങളിൽ അതിന് തന്ത്രപരമായ ആഴവും ഗതിവേഗവും കൈവന്നിട്ടുണ്ട്. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ ഉൾപ്പെടെ, പരസ്പരം പ്രയോജനകരവും അർത്ഥവത്തായതുമായ പങ്കാളിത്തം കൂട്ടായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. സൗദി അറേബ്യയിലെ ഊർജ്ജസ്വലമായ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടാനും ഞാൻ ആഗ്രഹിക്കുന്നു- മോദി പറഞ്ഞു.
സൗദി ഇന്ത്യയുടെ
മൂല്യവത്തായ പങ്കാളി
മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും താത്പര്യമുണ്ടെന്നും വളർന്നുവരുന്ന പ്രതിരോധ, സുരക്ഷാ സഹകരണം ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദി അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ പങ്കാളികളിൽ ഒന്നും സമുദ്ര അയൽക്കാരനും വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്നും മോദി വിശേഷിപ്പിച്ചു."സൗദി അറേബ്യയെ മേഖലയിലെ ശുഭാപ്‌തിവിശ്വാസത്തിന്റെയും സ്ഥിരതയുടെയും ഒരു ശക്തിയായി ഞങ്ങൾ കണക്കാക്കുന്നു. സമുദ്ര അയൽക്കാർ എന്ന നിലയിൽ, മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും ഒരേ താത്‌പര്യമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ മേഖലകളിലെ വളർന്നുവരുന്ന ഇടപെടലും സഹകരണവും ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതിന് സൗദി നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ മൂന്നാമത്തെ സൗദി സന്ദർശനത്തിനായി ക്ഷണിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അദ്ദേഹം നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |