ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയം പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) യോഗത്തിൽ ബി.ജെ.പിയുടെ എം.പി ബാൻസരി സ്വരാജ് എത്തിയത് 'നാഷണൽ ഹെറാൾഡിന്റെ കൊള്ള' എന്നെഴുതിയ ബാഗുമായി. കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കമ്മിറ്റി അംഗമായ പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. പാർട്ടിയെ ലക്ഷ്യമിട്ടുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നും പ്രിയങ്ക പറഞ്ഞു.
നാഷണൽ ഹെറാൾഡ് ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ബൻസുരി സ്വരാജിന്റെ നടപടി. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാദ്ധ്യമങ്ങളിൽ അഴിമതി നടക്കുന്നത് ഇതാദ്യമായാണെന്ന് ബാൻസുരി പറഞ്ഞു. സേവനത്തിന്റെ മറവിൽ, അവർ പൊതു സ്ഥാപനങ്ങളെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനുള്ള ഉപകരണമാക്കിയെന്നും അവർ ആരോപിച്ചു.
ബാഗിനെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ, താൻ ആസ്വദിച്ചെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. നേതൃത്വം നിർദേശിച്ച പ്രകാരമാണ് ബാൻസുരിയുടെ നടപടിയെന്നും അവർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കൾ തെറ്റായ ഉപദേശം നൽകുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഏജൻസികളെ എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകും. പ്രധാനമന്ത്രി തന്റെ തന്ത്രം പുനഃപരിശോധിക്കണം-പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |