ന്യൂഡൽഹി : സുപ്രീംകോടതി, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർക്കെതിരെ രൂക്ഷപരാമർശം നടത്തിയ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്‌ക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. ഇന്നലെ ജസ്റ്റിസ് ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർക്ക് മുന്നിൽ ഹർജിക്കാരന്റെ അഭിഭാഷകൻ വിഷയമുന്നയിച്ചപ്പോഴാണ് പ്രതികരണം. കോടതിയലക്ഷ്യഹർജി സമർപ്പിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ബി.ജെ.പി എം.പിയുടെ പരാമർശങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രമേയം പാസാക്കി
നിഷികാന്ത് ദുബെയുടെ വിവാദ പരാമർശങ്ങളെ അപലപിച്ച് അഭിഭാഷക സംഘടനകൾ പ്രമേയം പാസാക്കി. സുപ്രീംകോടതി ബാർ അസോസിയേഷനും, സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഒൺ റെക്കോർഡ്സ് അസോസിയേഷനുമാണ് രംഗത്തെത്തിയത്. ദുബെയ്‌ക്കതിരെ കോടതിയലക്ഷ്യഹർജി സമർപ്പിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു. രാജ്യത്തെ കലാപങ്ങൾക്ക് ഉത്തരവാദി ചീഫ് ജസ്റ്റിസാണെന്നും, സുപ്രീംകോടതി പരിധി വിട്ടു പ്രവർത്തിക്കുന്നു തുടങ്ങിയ പരാമർശങ്ങളാണ് നിഷികാന്ത് ദുബെയിൽ നിന്നുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |