ന്യൂഡൽഹി: ജുഡിഷ്യറിക്കെതിരെയുള്ള രൂക്ഷ പരാമർശങ്ങൾ വിവാദമായി തുടരുന്നതിനിടെ വീണ്ടും നിലപാട് കടുപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പാർലമെന്റാണ് പരമോന്നതമെന്നും അതിനുമുകളിൽ മറ്റൊരു അധികാരകേന്ദ്രവുമില്ലെന്നും സുപ്രീംകോടതിയെ പരോക്ഷമായി സൂചിപ്പിച്ച് ധൻകർ ഇന്നലെ പറഞ്ഞു. ജഡ്‌ജിമാർ സൂപ്പർ പാർലമെന്റ് ചമയുകയാണെന്നും ഭരണഘടനയിലെ 142-ാം അനുച്ഛേദം ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നുമുള്ള പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിരിക്കെയാണ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന മട്ടിലുള്ള ധൻകറുടെ പ്രസംഗം. ഇന്നലെ ഡൽഹി സർവകലാശാലയിൽ 'ഭരണഘടനയുടെ 75 വർഷം" ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു. പരമോന്നത ദേശീയ താത്പര്യമാണ് തന്നെ നയിക്കുന്നതെന്ന് വിമർശനങ്ങൾക്ക് ഉപരാഷ്ട്രപതി മറുപടി നൽകി. ഭരണഘടന ജനങ്ങൾക്ക് വേണ്ടിയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ഭരണഘടനയുടെ ആത്യന്തിക യജമാനന്മാരും സംരക്ഷകരും സൂക്ഷിപ്പുകാരും.
നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയിൽ ഇന്നലെയും ധൻകർ അതൃപ്‌തി രേഖപ്പെടുത്തി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ പരിധിക്കുള്ളിൽ പ്രവർത്തിക്കണമെന്ന് വ്യക്തമാക്കി. ഭരണഘടനാ പദവികളെക്കുറിച്ച് ധാരണയില്ലെന്നാണ് അത്തരം വ്യാഖ്യാനങ്ങൾ കാണിക്കുന്നതെന്ന് വിമർശിച്ചു. ഭരണഘടനാ ഓഫീസുകൾ അലങ്കാര പദവികളല്ല. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ഒമ്പത് ഹൈക്കോടതികളുടെ വിധികൾക്കെതിരെ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ തീരുമാനിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ജനങ്ങൾ വെറുതെ വിട്ടില്ലെന്ന് ധൻകർ ചൂണ്ടിക്കാട്ടി.
ഭരണഘടനയാണ്
പരമോന്നതം
പാർലമെന്റോ, എക്‌സിക്യൂട്ടീവോ അല്ല ഭരണഘടനയാണ് പരമോന്നതമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ പ്രതികരിച്ചു. ഭരണഘടനയിലെ വ്യവസ്ഥകൾ സുപ്രീം കോടതി വ്യാഖ്യാനിക്കുന്നു. ഈ രാജ്യം ഇതുവരെ മനസിലാക്കിയത് അങ്ങനെയാണെന്നും സിബൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |