ആഗ്ര: ഇന്ത്യ സന്ദർശനത്തിനെത്തിയ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും കുടുംബവും ഇന്നലെ താജ്മഹൽ സന്ദശിച്ചു. ഭാര്യ ഉഷ വാൻസും മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം അവർ അവിടെ ചെലവഴിച്ചു. 'താജ്മഹൽ വിസ്മയിപ്പിക്കുന്നു. യഥാർത്ഥ പ്രണയത്തിന്റെ സ്മാരകമാണിത്. മനുഷ്യന്റെ മഹത്തായ കലാവിരുന്ന്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന് ആദരം"- സന്ദർശനത്തിന് ശേഷം വാൻസ് സന്ദർശന ഡയറിയിൽ കുറിച്ചു.
ജയ്പൂരിൽ നിന്ന് ഇന്നലെ രാവിലെ 9:15 ഓടെയാണ് പ്രത്യേക വിമാനത്തിൽ വാൻസും കുടുംബവും ആഗ്ര വിമാനത്താവളത്തിലിറങ്ങിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവരെ സ്വീകരിച്ചു. തുടർന്ന് വൻ സുരക്ഷാ സന്നാഹങ്ങളോടെ താജ്മഹലിൽ എത്തിച്ചു. അവരുടെ വാഹനവ്യൂഹം കടന്നുപോകുന്ന പാതകൾ പൂക്കളാൽ അലങ്കരിച്ചിരുന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവുകളിൽ യു.എസ് പതാകയും ത്രിവർണ പതാകയും വീശി അഭിവാദ്യം ചെയ്തു.
നാലുദിവസത്തെ സന്ദർശനത്തിനാണ് വാൻസ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെത്തിയ വാൻസും കുടുംബവും ജയ്പൂരിലെ ചരിത്രപ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. അക്ഷർധാം ക്ഷേത്രവും സന്ദർശിച്ചു. ഇന്ന് യു.എസിലേക്ക് മടങ്ങും. യു.എസ് വൈസ് പ്രസിഡൻറായി ചുമതലയേറ്റ ശേഷമുള്ള വാൻസിന്റെ പ്രഥമ ഇന്ത്യൻ സന്ദർശനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |