ന്യൂഡൽഹി: പഹൽഗാമിൽ പാക്ഭീകരർ നിരപരാധികളായ 26 വിനോദ സഞ്ചാരികളെ കൊന്നുതള്ളിയതിന് ഇന്ത്യയുടെ മറുപടി എന്താകുമെന്ന ആകാംക്ഷയിൽ ലോകം. ഇന്ത്യ ഉടൻ തിരിച്ചടിക്കണമെന്ന വികാരം രാജ്യത്ത് ശക്തമാണ്. തിരിച്ചടി മുന്നിൽക്കണ്ടാണ് അധിനിവേശ കാശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പാകിസ്ഥാൻ ആളുകളെ ഒഴിപ്പിച്ചത്.
സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്‌ച രാത്രി വിമാനത്താവളത്തിൽ ഇറങ്ങിയതുമുതൽ നിർണായക ചർച്ചകളിലാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സേനാമേധാവികളെ വിളിച്ച് ചർച്ച നടത്തി. മുൻ ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവുമായ അജിത് ഡോവലും ചർച്ചകളിലുണ്ട്. ഇന്ത്യയുടെ പരമാധികാരത്തിനുനേരെയുള്ള വെല്ലുവിളി അർഹിക്കുന്ന ഗൗരവത്തോടെ നേരിടണമെന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. സുരക്ഷയ്‌ക്കായുള്ള മന്ത്രിതല സമിതിയുടെ നിലപാടും നിർണായകം.
പഹൽഗാം ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ അവസാനിപ്പിക്കാൻ വരെ സാദ്ധ്യതയുണ്ട്. ഇസ്ളാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അടച്ചുപൂട്ടുന്നതടക്കം കടുത്ത നടപടികൾ ആലോചിക്കുന്നുണ്ടെന്നാണ് അറിവ്. എൻ.ഐ.എ അന്വേഷണത്തിൽ പാക് ബന്ധത്തിനുള്ള തെളിവുകൾ പുറത്തുവരുന്നത് പ്രകാരമാകും നടപടികൾ.
ഭീകര ക്യാമ്പുകൾ
തകർത്തേക്കും
പാക് അതിർത്തിയിലെ ഭീകര പരിശീലന ക്യാമ്പുകളെ ആക്രമിക്കാനായിരിക്കും ഇന്ത്യ ആദ്യം മുതിരുക. പരിശീലനം നേടിയ 200നടുത്ത് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ അവസരം കാത്ത് നിയന്ത്രണരേഖയ്‌ക്ക് സമീപം കഴിയുന്നുണ്ടെന്നാണ് ഇന്റലിജൻസ് വിവരം. പാക് അതിർത്തിയിലെ ഓരോ നീക്കവും ഒപ്പിയെടുക്കാൻ കഴിവുള്ള ചാര ഉപഗ്രഹങ്ങൾ ഇന്ത്യയ്‌ക്കുണ്ട്. അവ നൽകുന്ന വിവരങ്ങൾ പ്രകാരമാവും ഭീകര ക്യാമ്പുകൾ ആക്രമിക്കുക. ഉറിയിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് കിറുകൃത്യമായിരുന്നു. ഇന്ത്യൻ നടപടി പേടിച്ച് അതിർത്തിയിൽ പാകിസ്ഥാൻ വെടിനിറുത്തൽ ലംഘിച്ചുള്ള പ്രകോപനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യയുടെ തിരിച്ചടികൾ
മ്യാൻമറിലെ ആക്രമണം
2015 ജൂൺ 9ന് ഭീകര സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഒഫ് നാഗാലാൻഡ്-കെ (എൻ.എസ്.എൻ-കെ) കലാപകാരികൾക്കെതിരെ ഓപ്പറേഷൻ ഹോട്ട് പർസ്യൂട്ട് എന്ന രഹസ്യനാമത്തിൽ മ്യാൻമറിൽ നടത്തിയതാണ് നരേന്ദ്ര മോദി സർക്കാരിന്റെ അതിർത്തി കടന്നുള്ള ആദ്യ ആക്രമണം. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ കരസേനയുടെ 6 ദോഗ്ര റെജിമെന്റ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായായിരുന്നു ഓപ്പറേഷൻ. 40 മിനിട്ട് നീണ്ടു നിന്ന ആക്രമണത്തിൽ 38 കലാപകാരികൾ കൊല്ലപ്പെട്ടു.
ഒന്നാം സർജിക്കൽ സ്ട്രൈക്ക്
2016 സെപ്‌തംബർ 18ന് ജമ്മുകാശ്‌മീരിലെ ഉറിയിൽ കരസേനാ ക്യാമ്പ് ആക്രമിച്ച് 19 സൈനികരെ കൊലപ്പെടുത്തിയ പാക് ഭീകര സംഘടന ജയ്ഷെ മുഹമ്മദിനുള്ള തിരിച്ചടി. 2016 സെപ്‌തംബർ 29ന് വെളുപ്പിന് ഇന്ത്യൻ സേന പാക് അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർത്തു. 70 ഭീകരരെ വധിച്ചു
രണ്ടാം സ്ട്രൈക്ക്
2019 ഫെബ്രുവരി 14ന് പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരെ കൊലപ്പെടുത്തിയ സംഭവത്തിന് തിരിച്ചടിയായി ഫെബ്രുവരി 19ന് ബാലക്കോട്ടെ ഭീകരക്യാമ്പുകൾ ആക്രമിച്ചു. 325 ഭീകരരെ വകവരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |