ന്യൂഡൽഹി : ബൈസരനിലെ ഭീകരാക്രമണം ജമ്മു കാശ്‌മീർ കാണാനെത്തിയ നൂറുകണക്കിന് ടൂറിസ്റ്റുകൾക്ക് അരക്ഷിതാവസ്ഥയുടെ മാനസികനില സൃഷ്‌ടിച്ചു. നാടുകളിലേക്ക് എത്രയും വേഗം മടങ്ങാൻ വലിയ തോതിലുള്ള തിരക്കാണ്. തങ്ങളുടെ നാട് കാണാൻ എത്തിയവർ വേദനയോടെയും ഭീതിയോടെയും മടങ്ങുന്ന കാഴ്ച കണ്ണീരോടെയാണ് കാശ്‌മീർ ജനത കണ്ടുനിന്നത്.
ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലും ദേശീയ പാതകളിലും റെയിൽവേ സ്റ്റേഷനുകളിലും വൻ തിരക്ക്. ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമായി നടക്കുന്ന സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാ പരിശോധനകളാണ് താഴ്‌വരയിലെങ്ങും. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കി കൊണ്ടുള്ള ഗതാഗത ക്രമീകരണമാണ് സേനാവിഭാഗം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ശ്രീനഗറിലേക്കുള്ള പ്രധാന ദേശീയപാതകളിൽ ഉൾപ്പെടെ വാഹന ഗതാഗതം ഇഴയുന്നു. പല ടൂർ ഓപ്പറേറ്രർമാരും നാട്ടുകാരും ടൂറിസ്റ്രുകൾക്ക് സൗജന്യയാത്ര ഏർപ്പാട് ചെയ്‌തു. ശ്രീനഗർ വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകളും ടാക്‌സികളും സൗജന്യയാത്ര നടത്തി.
അതിഥികൾ മടങ്ങുന്നതിന്റെ കാഴ്ച ഹൃദയഭേദകമാണെന്ന് ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള വികാരനിർഭരമായി പ്രതികരിച്ചു. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ സുഗമമായി കടത്തിവിടാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഒമർ വ്യക്തമാക്കി.
ജമ്മുവിലെ കത്രയിൽ നിന്ന് ഡൽഹിക്ക് റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. കത്രയിൽ നിന്ന് രാത്രി 09.20ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 09.30ന് ഡൽഹിയിലെത്തും.
കേന്ദ്രം ഇടപെട്ടു ; കൊള്ളയടി തടഞ്ഞു
ശ്രീനഗർ വിമാനത്താവളത്തിൽ ഇന്നലെ വൻ തിരക്ക് രൂപപ്പെട്ടതോടെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം തുടങ്ങിയിരുന്നു. യാത്രക്കാർ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകളിട്ടു. 15,000 രൂപയായിരുന്നത് കുത്തനെ കൂട്ടിയെന്ന് പരാതിപ്പെട്ടു.
ശ്രീനഗറിൽ നിന്ന് ഡൽഹിക്ക് 65,000 രൂപ വെബ്സൈറ്റുകളിൽ കാണിക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചു. ഇതോടെ, കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര മാർഗരേഖയിറക്കി. നിരക്ക് കൂട്ടരുതെന്നും, നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. കൂടുതൽ സർവീസ് നടത്താനും ക്യാൻസലിംഗ്-റീഷെഡ്യൂളിംഗ് ഫീസുകൾ ഒഴിവാക്കാനും വിമാന കമ്പനികളോട് നിർദ്ദേശിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു കിൻജരാപു വ്യക്തമാക്കി. ഇതനുസരിച്ച് കമ്പനികൾ സ്‌പെഷ്യൽ സർവീസുകൾ നടത്തി. ടിക്കറ്റ് ക്യാൻസലേഷന് ഫുൾ റീഫണ്ട് നൽകാനും, റീഷെഡ്യൂളിംഗ് നടത്തുകയാണെങ്കിൽ അതിന്റെ ഫീസ് ഒഴിവാക്കാനും എയർ ഇന്ത്യ. ഇൻഡിഗോ, ഈസ് മൈ ട്രിപ്പ് തുടങ്ങിയ കമ്പനികൾ തീരുമാനിച്ചു. ഏപ്രിൽ 30 വരെയുള്ള കൺഫേം ടിക്കറ്റുകൾക്ക് ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |