പത്തനംതിട്ട: എ.കെ.ജി സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സി.പി.എം ജനറൽ സെക്രട്ടറിയായ തന്നെ ഒതുക്കിയെന്ന ആക്ഷേപം തള്ളി എം.എ.ബേബി. എന്നെ ഒതുക്കി എന്നുപറഞ്ഞ് സഹായിക്കാൻ വരുന്നവരിൽ നിന്ന് എന്നെ രക്ഷിക്കണേ എന്നാണ് പറയാനുള്ളതെന്ന് പത്തനംതിട്ട പ്രസ് ക്ലബിലെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ജനറൽ സെക്രട്ടറി സാങ്കേതികമായി ഞാനാണെങ്കിലും അനുഭവ സമ്പത്ത് കൂടുതൽ പിണറായിക്കാണ്. അദ്ദേഹം എ.കെ.ജി സെന്റർ ഉദ്ഘാടനം ചെയ്തതിൽ തെറ്റൊന്നുമില്ല. പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് പിണറായി. ഇ.എം.എസ് ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് ഡൽഹിയിലെ എ.കെ.ജി ഭവന് തറക്കല്ലിട്ടത് മുതിർന്ന നേതാവ് ബി.ടി.രണദിവെയാണ്.
ഭീകരവാദം അമർച്ച ചെയ്യാൻ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ രാജ്യം ഒറ്റക്കെട്ടാണ്. ഭീകരതയ്ക്ക് മതവുമായി ബന്ധമില്ല. കാശ്മീരിലെ ഭീകരപ്രവർത്തനത്തെ ഒരു മതവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ന്യൂനപക്ഷ തീവ്രവാദം വളരുന്നതിൽ ആർ.എസ്.എസ് സന്തോഷിക്കുകയാണ്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെ അനന്തരഫലമാണ് കാശ്മീർ ജനത അനുഭവിക്കുന്നതെന്ന് താൻ ഒരു ലേഖനത്തിൽ പറഞ്ഞതിനെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തേണ്ടതില്ല.
'പുതിയ മദനി
എന്റെ സുഹൃത്ത്'
തീവ്രവാദ നിലപാടുണ്ടായിരുന്ന പഴയ മദനി ഇപ്പോഴില്ലെന്നും തെറ്റുതിരുത്തിയ പുതിയ മദനി തന്റെ സുഹൃത്താണെന്നും എം.എ.ബേബി പറഞ്ഞു. എല്ലാ പാപികൾക്കും ഒരു ഭാവിയുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മദനി തെറ്റു ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം ജയിലിൽ നിന്ന് പുറത്തുവന്നത് തെറ്റുതിരുത്തിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |