ന്യൂഡൽഹി : സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ഉലയും. ഇന്ത്യ മുന്നറിയിപ്പ് നൽകാതിരുന്നാൽ നദിയിലെ വെള്ളപ്പൊക്കം ജലബോംബായി പാക്കിസ്ഥാനിൽ നാശനഷ്ടം വിതയ്ക്കും. സിന്ധു നദി ടിബറ്റൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യ വഴിയാണ് പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത്.
1960ൽ കരാർ പ്രാബല്യത്തിൽ വന്നശേഷം യുദ്ധംഅടക്കം ഉണ്ടായെങ്കിലും ആദ്യമായാണ് ഈ നടപടി. സിന്ധു നദീതടത്തെ അത്രയധികം ആശ്രയിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
ജലസേചനം, കൃഷി, വൈദ്യുതി തുടങ്ങിയവയിൽ ശ്വാസം മുട്ടും. പഞ്ചാബ് പ്രവിശ്യ ജലസേചനത്തിനായി സിന്ധുവിനെയും അതിന്റെ പോഷകനദികളെയുമാണ് ആശ്രയിക്കുന്നത്. പാക്കിസ്ഥാന്റെ 85 ശതമാനം കാർഷിക ഉത്പന്നങ്ങളും വിളകളും ഉത്പാദിപ്പിക്കുന്നത് അവിടെയാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ 70 ശതമാനത്തിന്റെയും ഏക വരുമാന സ്രോതസും കാർഷിക മേഖലയാണ്. ജനങ്ങൾ പാക് ഭരണക്കൂടത്തിനെതിരെ തെരുവിലിറങ്ങുന്ന സാഹചര്യത്തിനാണ് കളമൊരുങ്ങുന്നത്.
ജലയുദ്ധമെന്ന് പാക് മന്ത്രി
കരാർ മരവിപ്പിച്ച ഇന്ത്യൻ നടപടിയെ 'ജലയുദ്ധ'മെന്നാണ് പാക് ഊർജ്ജ മന്ത്രി ഒവൈസ് അഹമ്മദ് ഖാൻ ലെഖരി വിശേഷിപ്പിച്ചത്. പാക്കിസ്ഥാന് എത്രത്തോളം തിരിച്ചടിയാണെന്ന ബോദ്ധ്യത്തിൽ നിന്നാണ് പ്രതികരണമെന്നത് വ്യക്തം.
എന്താണ് സിന്ധു നദീജല ഉടമ്പടി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ജല പങ്കിടൽ കരാർ. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിൽ 1960 സെപ്‌തംബറിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിൽ ഉടമ്പടി ഒപ്പിട്ടു. 9 വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമായത്.കരാർപ്രകാരം സിന്ധു, ഝലം, ചെനാബ് - പടിഞ്ഞാറൻ നദികൾ പാക്കിസ്ഥാന്. രവി, ബിയാസ്, സത്‌ലജ് - കിഴക്കൻ നദികൾ ഇന്ത്യയ്‌ക്ക്. അതിലെ ജലം ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും ഒരുപോലെ പ്രധാനം.
ഇന്ത്യയ്‌ക്കുള്ള പ്രയോജനം
ജമ്മു കശ്മീരിലെ പടിഞ്ഞാറൻ നദികളിലെ കിഷൻഗംഗ റിസർവോയറിന്റെയും മറ്റ് പദ്ധതികളുടെയും റിസർവോയറിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കാൻ ഇനി ഇന്ത്യയ്‌ക്ക് ബാദ്ധ്യതയില്ല. ഉടമ്പടി പ്രകാരമാണെങ്കിൽ, റിസർവോയറിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌ത ശേഷം റിസർവോയറിൽ ജലംനിറയ്‌ക്കൽ മൺസൂൺ സമയമായ ആഗസ്റ്റ് മാസത്തിൽ നടത്തണം. കരാർ മരവിപ്പിച്ചതോടെ എപ്പോൾ വേണമെങ്കിലും അതിനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |