തിരുവനന്തപുരം: നാലരപ്പവന്റെ മാല മോഷ്ടിക്കാൻ യുവതിയെ കൊന്ന പ്രതിയെ വധശിക്ഷയ്‌ക്ക് വിധിച്ചു. നെടുമങ്ങാട് ചരുവള്ളിക്കോണം സ്വദേശിയായ വിനീതയെ (38) കൊലപ്പെടുത്തിയ പ്രതി തിരുനെൽവേലി വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെയാണ് ശിക്ഷിച്ചത്. പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായിരുന്നു വിനീത. പ്രതിയുടെ ക്രൂരത ന്യായീകരിക്കാനാവാത്തതാണെന്ന് കോടതി പറഞ്ഞു.
കൊലക്കുറ്റത്തിന് നാലു ലക്ഷം രൂപ പിഴയും കവർച്ചയ്‌ക്ക് ജീവപര്യന്തം തടവും നാല് ലക്ഷം പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. തെളിവു നശിപ്പിച്ചതിന് ഏഴ് വർഷം തടവും 10,000 രൂപ പിഴയുമുണ്ട്. ജോലി സ്ഥലത്തേക്ക് അതിക്രമിച്ച് കടന്നതിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമുണ്ട്. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ വധശിക്ഷയാവും അനുഭവിക്കേണ്ടിവരിക. 8,01,050 രൂപ പിഴയുമുണ്ട്. പിഴത്തുകയിൽ നാലുലക്ഷം വിനീതയുടെ 14ഉം 11ഉം വയസുള്ള മക്കൾക്ക് നൽകണം. കുട്ടികൾക്കും വിനീതയുടെ മാതാപിതാക്കൾക്കും സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വിധിന്യായത്തിലുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഒരുമിനിറ്റ് മൗനമാചരിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
2022 ഫെബ്രുവരി ആറിന് രാവിലെ 11.50നാണ് പ്രതി വിനീതയെ കൊന്നത്. ചെടി വാങ്ങാനെന്ന വ്യാജേനെയെത്തി കഴുത്തിൽ കുത്തുകയായിരുന്നു. നാലരപ്പവൻ മാലയുമായി കടന്ന രാജേന്ദ്രനെ കന്യാകുമാരി കാവൽക്കിണറിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. തിരുനെൽവേലി വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ജീവനക്കാരനുമായ സുബ്ബയ്യ, ഭാര്യ വാസന്തി വളർത്തുമകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വിനീതയെ കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദേവിക മധു, ജെ. ഫസ്‌ന, ഒ.എസ്. ചിത്ര എന്നിവർ ഹാജരായി.
അഞ്ച് ഡിഗ്രിയും മൂന്ന് പി.ജിയുമുള്ള പ്രതി
രാജേന്ദ്രന് അഞ്ച് ബിരുദങ്ങളും മൂന്ന് ബിരുദാനന്തര ബിരുദങ്ങളുമുണ്ട്. എം.ബി.എയും ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും പി.ജിയും തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഡും നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ പേൾ മെട്രിക് ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. മൈക്രോസോഫ്‌റ്റ് ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറിൽ പ്രാവീണ്യം നേടിയിരുന്നു. ഓൺലൈൻ ട്രേഡിംഗായിരുന്നു പ്രധാന വിനോദം. ഇതിന് പണം കണ്ടെത്താനാണ് കൊലപാതകങ്ങൾ നടത്തുന്നത്. അവിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |