ശ്രീനഗർ: 26 നിരപരാധികളുടെ രക്തം പതിച്ച കാശ്മീരിലെ പഹൽഗാമിലെ മണ്ണ് തേങ്ങുകയാണ്. ആളൊഴിഞ്ഞ്,ശ്‌മശാന ഭൂമി പോലെ ശോകമായ അന്തരീക്ഷം. വർഷങ്ങൾക്ക് ശേഷം പഹൽഗാമിന്റെ കാഴ്ചകൾ ആസ്വദിക്കാൻ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ഒഴുകിയെത്തിയതിന്റെ സന്തോഷത്തിലായിരുന്നു നാട്ടുകാർ.
എന്നാൽ,എല്ലാം ഒറ്റ ദിവസം കൊണ്ട് മാറി. വിനോദ സഞ്ചാരികൾ ഇനി ഇവിടേക്ക് വരാൻ ഭയക്കുമെന്നും പഴയ പടിയാകാൻ എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്നും നാട്ടുകാർ ചോദിക്കുന്നു. സമീപ കാലത്ത് കാശ്മീർ ടൂറിസത്തിൽ പ്രതീക്ഷാവഹമായ വളർച്ചയാണ് ഉണ്ടായത്. ഇത് തകർക്കാൻ ഭീകരർ നടത്തിയ നീക്കമാണിതെന്ന് നാട്ടുകാർ പറയുന്നു. ദിവസവും പതിനായിരങ്ങൾ ഒഴുകിയെത്തിയിരുന്ന പഹൽഗാമിലെ കുന്നുകളും പൈൻ മരക്കാടുകളും ഇപ്പോൾ വിജനമാണ്.
ഭീകരാക്രമണത്തിന് പിന്നാലെ ഭയന്ന് ഓടിരക്ഷപ്പെട്ട സഞ്ചാരികളുടെ പാദരക്ഷകൾ അടക്കം വസ്തുക്കൾ പലയിടത്തും ചിതറിക്കിടക്കുകയാണ്. ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാനും ഭയന്നവരെ ആശ്വസിപ്പിക്കാനും പ്രദേശവാസികളാണ് ആദ്യം മുന്നിട്ടിറങ്ങിയത്. പരിക്കേറ്റവരെ ഇവിടുത്തെ യുവാക്കൾ ചുമലിലേറ്റിയും കുതിരപ്പുറത്തുമായി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു.
വിനോദ സഞ്ചാരികളെ ആശ്രയിച്ച് ജീവിച്ച പഹൽഗാമിലെ കച്ചവടക്കാർ അടക്കം ആശങ്കയിലാണ്. ഇതിനിടെ ഭീകരവിരുദ്ധ പ്രതിഷേധങ്ങളും കാശ്മീരിലെമ്പാടും ശക്തമാണ്. പഹൽഗാം മേഖല മുഴുവനായും പൊലീസിന്റെയും സൈന്യത്തിന്റെയും പട്രോളിംഗ് വലയത്തിലാണ്.
അതേസമയം,പരിക്കേറ്റ 20 പേർ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് മുംബയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകാൻ തയ്യാറാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു. മുംബയിലെ ലീലാവതി ആശുപത്രിയും സൗജന്യ ചികിത്സ വാഗ്ദ്ധാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |