ന്യൂഡൽഹി: ബൈസരൻ ഭീകരാക്രമണത്തിലെ ഭീകരരെ കണ്ടെത്താൻ തെർമൽ ഡിറ്റക്‌ടറുകൾ ഉൾപ്പെടെ ഉപയോഗിച്ച് തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാസേന. ജമ്മു കാശ്‌മീരിലെ വനമേഖലകളിൽ അടക്കമാണ് പരിശോധന. ബൈസരന് സമീപത്തെ മേഖലകളിലും പൂഞ്ചിലും തെരച്ചിൽ തുടരുന്നു. കാഴ്ചാപരിമിതിയുള്ള സാഹചര്യങ്ങളിൽ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനാണ് തെർമൽ ഡിറ്റക്‌ടറുകൾ ഉപയോഗിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന ഭീകരരുടെ ശരീര ഊഷ്‌മാവ് തെളിഞ്ഞാൽ കുരുങ്ങും. ഹെലികോപ്റ്ററുകളും അത്യാധുനിക തെരച്ചിൽ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം ജമ്മു കാശ്‌മീർ പൊലീസ് പ്രഖ്യാപിച്ചു.
രണ്ടുപേർ പാക് പൗരന്മാർ
ബൈസരനിൽ ടൂറിസ്റ്റുകൾക്ക് നേരെ ഭീകരാക്രമണം നടത്തിയ മൂന്ന് പേരുടെ വിവരങ്ങളും രേഖാചിത്രവും അനന്ത്നാഗ് പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരിൽ സുലൈമാൻ എന്ന ഹാഷിം മൂസ,തൽഹ ഭായ് എന്ന അലിഭായ് എന്നിവർ പാക് പൗരന്മാരാണെന്നും വ്യക്തമാക്കി. അനന്ത്നാഗ് സ്വദേശി അബ്‌ദുൾ ഹുസെൻ തോകറാണ് മൂന്നാമൻ.
പഞ്ചാബിൽ എൻ.ഐ.എയുടെ റെയിഡ്
പഞ്ചാബ് അതിർത്തി മേഖലകളിലെ ഹോട്ടലുകളിൽ എൻ.ഐ.എ റെയിഡ് നടത്തി. പാക് അതിർത്തിക്ക് സമീപമുള്ള നഗരങ്ങളായ അമൃത്സറിലെയും ഫിറോസ്‌പൂരിലെയും ഹോട്ടലുകളിൽ ഇന്നലെ പുലർച്ചെയായിരുന്നു പരിശോധന. പാക്കിസ്ഥാനിലേക്ക് ഫോൺ കോളുകൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. മൊബൈൽ ഫോണുകൾ,ലാപ്ടോപുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ചിലരെ ചോദ്യം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |