ന്യൂഡൽഹി : വി.ഡി. സവർക്കർ സ്വാതന്ത്ര്യസമരസേനാനിയാണെന്നും അദ്ദേഹത്തിനെതിരെ മോശം പരാമർശം തുടർന്നാൽ രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീംകോടതി.
2022ലെ ഭാരത് ജോഡോ യാത്രയിൽ സർവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിലെ സമൻസ് റദ്ദാക്കാൻ രാഹുൽഗാന്ധിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്‌നൗ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലുള്ള കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും രാഹുലിനെ രൂക്ഷമായി വിമർശിച്ചു.
സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് അപകീർത്തികരമായ പ്രസ്‌താവനകൾ നടത്താൻ അനുവദിക്കില്ല. നമുക്ക് സ്വാതന്ത്ര്യം നേടി തന്നവരാണ്. ഇങ്ങനെയാണോ അവരെക്കുറിച്ച് പറയുന്നതെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സവർക്കർ തലപ്പൊക്കമുള്ള വ്യക്തിയാണ്. രാഷ്ട്രീയപാർട്ടിയുടെ നേതാവാണ്. എന്തിനാണ് ഇങ്ങനെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. മഹാരാഷ്‌ട്രയിൽ അദ്ദേഹത്തെ വലിയരീതിയിൽ ആരാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതോടെ, രാഹുൽ മേലാൽ മോശം പ്രസ്‌താവനകൾ നടത്തില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഉറപ്പു നൽകി.
ഗാന്ധിജിയെയും ബ്രിട്ടീഷ്
സേവകനെന്ന് വിളിക്കുമോ ?
വൈസ്രോയിക്ക് അയച്ച കത്തുകളിൽ 'നിങ്ങളുടെ വിശ്വസ്‌ത സേവകൻ" എന്ന് സവർക്കർ എഴുതിയതാണോ പ്രശ്‌നമെന്ന് കോടതി ആരാഞ്ഞു. ഗാന്ധിജിയും വൈസ്രോയിക്ക് അയച്ച കത്തുകളിൽ ഇങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ടെന്നത് രാഹുലിന് അറിയുമോ ? മുത്തശ്ശി ഇന്ദിരാഗാന്ധി സവർക്കറെ സ്വാതന്ത്ര്യസമരസേനാനിയെന്ന് പ്രകീർത്തിച്ചത് രാഹുലിന് അറിയാമോ ? ഇന്ത്യയുടെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ലെങ്കിലും ഇങ്ങനെയല്ല സ്വാതന്ത്ര്യസമരസേനാനികളെ കൈകാര്യം ചെയ്യേണ്ടത്.
ലക്‌നൗവിലെ കേസ്
ജോഡോ യാത്രയിലെ പരാമർശത്തിന് എതിരെ അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് ലക്‌നൗ കോടതിയെ സമീപിച്ചത്. സവർക്കർ ബ്രിട്ടീഷുകാരുമായി സഹകരിച്ചു പ്രവർത്തിച്ച വ്യക്തിയാണെന്നും അവരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്നുവെന്നും രാഹുൽ പറഞ്ഞതായി മാനനഷ്‌ടഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുലിന്റെ ഹർജിയിൽ ഹർജിക്കാരന് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |