ന്യൂഡൽഹി: ബൈസരനിലെ കറുത്ത ചൊവ്വാഴ്ചയിൽ ജീവൻ പൊലിഞ്ഞവരുടെ കൂട്ടത്തിലെ കാശ്‌മീരി നക്ഷത്രമാണ് ആദിൽ ഹുസൈൻ ഷാ. ഹൃദയത്തിന്റെ ആഴത്തിൽ 'കാശ്‌മീരിയത്ത്' മുറുകെപിടിച്ച ബൈസരനിലെ കുതിര സവാരിക്കാരൻ. കാശ്‌മീരിയത്ത് എന്നാൽ കാശ്‌മീരി ഉള്ളിൽ സൂക്ഷിക്കുന്ന വികാരമാണ്. മതഭേദമില്ലാതെ ഏവരെയും ഊഷ്‌മളതയോടെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ഐക്യപ്പെടുകയും ചെയ്യുന്നതാണ് കാശ്‌മീരിയുടെ സ്വാഭാവിക സവിശേഷത.
ഭീകരർ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുന്നത് കണ്ടപ്പോൾ ഞെട്ടിത്തരിച്ച് പിന്തിരിഞ്ഞ് ഓടുകയല്ല ആദിൽ ചെയ്‌തത്. ധീരമായി ഭീകരർക്ക് നേരെ കുതിച്ചു. ടൂറിസ്റ്രുകളെ രക്ഷപ്പെടുത്താൻ ഭീകരന്റെ തോക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചു. മദംപൊട്ടി നിന്ന ഭീകരൻ 30കാരനായ ആദിലിന് നേർക്ക് തുരുതുരാ നിറയൊഴിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിലെ ഏക നാട്ടുകാരനും മുസ്ലിമുമാണ് ആദിൽ. ഭീകരതയെ പ്രതിരോധിക്കാൻ ശ്രമിച്ച,കാശ്‌മീരിയത്തെ ലോകത്തിനു മുന്നിൽ തലപ്പൊക്കത്തിൽ നിറുത്തിയ ആദിലിനായി കൈയടിക്കുകയാണ് ലോകം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള സുരക്ഷാ സമിതി ആദിലിന്റെ ധീരതയെ വാഴ്‌ത്തി. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കളും,ബോളിവുഡ് താരങ്ങളും ഉൾപ്പെടെ ആ ധീരതയ്‌ക്ക് പ്രണാമമർപ്പിച്ചു.
കുടുംബത്തിന്റെ ഏക ആശ്രയം
ബൈസരനിൽ ടൂറിസ്റ്റുകളെ കുതിരപ്പുറത്ത് സവാരിക്ക് കൊണ്ടുപോകുന്ന ആദിലിന് ദിവസക്കൂലി 300 രൂപയാണ്. വൈകിട്ട് ആ പണം കൊണ്ട് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി അയാളെത്തും. അതിനു ശേഷമാണ് വീട്ടിലെ അടുപ്പ് പുകയുന്നത്. വിശപ്പടക്കുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ട് ആദിലിന്റെ അമ്മ പറഞ്ഞപ്പോൾ കണ്ടുനിന്നവർക്കും തേങ്ങലടക്കാനായില്ല. മകന്റെ ധീരത കാരണം ചില സഞ്ചാരികൾ രക്ഷപ്പെട്ടതിനെ കുറിച്ച് പിതാവ് ഹൈദർ ഷാ വാചാലനായി. ആ ധീരതയിൽ സന്തോഷിക്കുന്നു. മകനെ കുറിച്ച് അഭിമാനം. ആദിലിന് അന്തിമോപചാരമർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് പഹൽഗാമിലെത്തിയത്.
രക്ഷകനും ഭീകരനും ഒരേ പേര്
സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ചത് ആദിൽ ഹുസൈൻ ഷാ. 26 പേരെ വകയിരുത്തിയവരിലെ ഒരു ഭീകരന്റെ പേര് ആദിൽ ഹുസൈൻ തോകർ. രണ്ടു പേരുടെയും പേരുകളിലെ സാമ്യം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. 'ഇരുധ്രുവങ്ങളിലും നിൽക്കുന്ന ആദിലുമാർ' എന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇരുവരും ജമ്മു കാശ്‌മീർ സ്വദേശികൾ. കുതിര സവാരിക്കാരൻ ആദിലിന്റെ നാട് ബൈസരൻ. ഭീകരൻ ആദിലിന്റേത് ബിജ്‌ബെഹാരയിലും. സുരക്ഷാസേന തിരയുന്ന ആദിൽ ഉൾപ്പെടെ മൂന്ന് ഭീകരരെയും കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് അനന്ത്നാഗ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |