കണ്ണൂർ: ഐ ടി ജീവനക്കാർക്കിടയിൽ മെറ്റബോളിക് ഡിസ്ഫംഗ്ഷൻ അസാസിേയറ്റഡ് ഫാറ്റി ലിവർ ഡിസീസിന് (എം.എ.എഫ്.എൽ.ഡി ) സാദ്ധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികളായ ഭരം ഭാർഗവ,കണ്ണൂർ മേലേച്ചൊവ്വ സ്വദേശി നന്ദിത പ്രമോദ്, എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
പ്രൊഫസർമാരായ ഡോ.കല്ല്യാൺകർ മഹാദേവ് ,ഡോ.സി.ടി.അനിത എന്നിവരുടെ പിന്തുണയോടെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗ്യാസ്ട്രോ എൻട്രോളജി (എ.ഐ.ജി) ആശുപത്രിയിലെ മുതിർന്ന ഹെപ്പറ്റോളജിസ്റ്റ് ഡോ.പി.എൻ.റാവുവും സംഘത്തിന്റെയും പങ്കാളിത്തത്തോടെയായിരുന്നു ഇവരുടെ ഗവേഷണം.ഹൈദരാബാദിൽ ഐ.ടി മേഖലിയിൽ ജോലി ചെയ്യുന്ന 345 പേരെ ഫാറ്റി ലിവർ ഡിസീസുമായി ബന്ധപ്പെട്ട പരിശോധന നടത്തി. ഇതിൽ 84 ശതമാനം പേരിലും മെറ്റബോളിക് ഡിസ്ഫംഗ്ഷൻ അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് കണ്ടെത്തി.
ഒരു വർഷം എടുത്താണ് ഇവർ പഠനം പൂർത്തിയാക്കിയത്.നേച്ചർ എന്ന സയിന്റിഫിക് മാഗസീനിൽ പഠനത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ പ്രസീദ്ധീകരിച്ചിട്ടുണ്ട്.
പ്രശ്നം അനാരോഗ്യ രീതികൾ
ദൈർഘ്യമുള്ള ജോലി, ദീർഘനേരത്തെ ഇരിപ്പ്, ഷിഫ്റ്റ് അടിസ്ഥാനമാക്കിയുള്ള ജോലി തുടങ്ങിയ അനാരോഗ്യകരമായ രീതികളാണ് വില്ലനാകുന്നതെന്നാണ് ഇവരുടെ പഠനറിപ്പോർട്ട്. വ്യായാമം ഇല്ലായ്മ, ജീവിത ശൈലി, ജോലി സമ്മർദ്ദം, ഉറക്കകുറവ്, ഉയർന്ന കലോറി ഭക്ഷണക്രമം,പഞ്ചസാര ചേർത്ത പാനീയങ്ങൾ എന്നിവ ഫാറ്റി ലിവർ ഡിസീസിലേക്ക് വളരെ വേഗത്തിൽ എത്തിക്കുന്നതായും പഠനം കണ്ടെത്തുന്നു. പഠനത്തിൽ ഐ.ടി ജീവനക്കാരിൽ 71 ശതമാനം പേർക്ക് പൊണ്ണത്തടിയും 34 ശതമാനം പേർക്ക് മെറ്റബോളിക് സിൻട്രോം ഉണ്ടെന്നും സംഘം കണ്ടെത്തി. ഇതും ഫാറ്റിലിവർ,പ്രമേഹം,രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
കേരളത്തിനും മുന്നറിയിപ്പ്
ആരോഗ്യസംരക്ഷണത്തിൽ മുന്നിലുള്ള കേരളത്തിൽ വളർന്നുവരുന്ന ഐ.ടി മേഖലയ്ക്കുള്ള ബോധവത്കരണമാണ് ഇത്തരമൊരു പഠനം എന്ന് നന്ദിത പ്രമോദ് പറഞ്ഞു.
ഫാറ്റി ലിവർ
കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രതിസന്ധിയാണ് ഫാറ്റി ലിവർ.നിയന്ത്രിച്ചില്ലെങ്കിൽ സിറോസിസ്, ലിവർ കാൻസർ പോലുള്ള രോഗത്തിലേക്കെത്താനുള്ള സാദ്ധ്യതയുണ്ട്. ദിവസവും വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ശീലിച്ചാൽ ഫാറ്റി ലിവർ ഡിസീസിനെ അകറ്റാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |