കൊല്ലം: ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ചുമരുകൾ നിറയെ ഛായാചിത്രങ്ങളാണ്.
വിവിധ മേഖലകളിലുള്ള പ്രമുഖരുടെ 300ഓളം ചിത്രങ്ങൾ. അവരെക്കുറിച്ചുള്ള വിവരണവുമുണ്ട്. 39 വർഷം മുമ്പ് സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന പി. പ്രഭാകരന്റെയാണ് ഈ വേറിട്ട ആശയം. അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിന്റെ ഫലമായി 1986ൽ ചിത്രവും അതിനൊപ്പം വിവരണവുമുള്ള പോർട്രെയിറ്റ് ഗ്യാലറി ആരംഭിച്ചു. തുടങ്ങുമ്പോഴുള്ളത് 100 ചിത്രങ്ങൾ.
നാല് തലമുറകളായി വിജ്ഞാനം പകരുന്ന ഈ ഗ്യാലറിക്ക് യൂണിവേഴ്സൽ റെക്കാഡ്സ് ഫോറത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ പോർട്രെയിറ്റ് ഗ്യാലറി എന്ന പുരസ്കാരവും ലഭിച്ചു. ലോക നേതാക്കൾ, ഇന്ത്യൻ ഭരണാധികാരികൾ, സ്വാതന്ത്ര്യസമര സേനാനികൾ,ശാസ്ത്രജ്ഞർ, നവോത്ഥാന നായകർ തുടങ്ങി നിരവധി പ്രഗത്ഭരുടെ ചിത്രങ്ങളും വിവരങ്ങളുമാണുള്ളത്. തലമുറകളായി
ഗ്യാലറിയുടെ പരിപാലനം അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറ്റെടുത്തുനടത്തുന്നു. ഓരോ കൊല്ലവും പുതിയ ചിത്രങ്ങൾ ചേർക്കും. ഉള്ളവ നവീകരിക്കും. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി സി.കെ. ശ്രീധരനാണ് കൂടുതൽ ചിത്രങ്ങളും വരച്ചത്.
ശ്രീനാരായണഗുരു
സന്ദർശിച്ച ഭജനമഠം
1918 ൽ എൽ.പി സ്കൂളായാണ് തുടക്കം. 1961ൽ യു.പി സ്കൂളായും പിന്നീട് ഹയർസെക്കൻഡറിയായും ഉയർന്നു. ശ്രീനാരായണഗുരു രണ്ട് തവണ സന്ദർശിച്ച ഭജനമഠമാണ് സ്കൂളിലെ മറ്റൊരു ആകർഷണം. ഓപ്പൺ ഗ്യാലറി കാണാൻ ദിനവും നിരവധി പേരാണ് സ്കൂളിലെത്തുന്നത്.
ഓപ്പൺ ഗ്യാലറിക്ക് എല്ലാവരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൂട്ടായ പ്രവർത്തനമാണ് വിജയത്തിന് കാരണം
-സ്കൂൾ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |