#വഴികാട്ടിയത് ആദിൽ
ഹുസൈൻ തോകർ
ന്യൂഡൽഹി : ബൈസരനിലേക്ക് നാലു ഭീകരരും എത്തിയത് 22 മണിക്കൂർ വനമേഖലയിലൂടെ നടന്നാണെന്ന് എൻ.ഐ.എ കണ്ടെത്തി. അനന്ത്നാഗ് കോക്കെർനാഗിൽ നിന്ന് വനമേഖലയും ദുർഘടപാതകളും താണ്ടിയാണ് ഭീകരർ എത്തിയത്. കൃത്യമായ ആസൂത്രണം നടന്നു. കാശ്‌മീരിലെ ബിജ്‌ബെഹാര സ്വദേശിയായ ഭീകരൻ ആദിൽ ഹുസൈൻ തോകറാണ് വഴികാട്ടിയായത്. എ.കെ 47, യു.എസ് നിർമ്മിത എം4 തോക്കുകളാണ് ഉപയോഗിച്ചതെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. വെടിയുണ്ടകളുടെ അവശിഷ്‌ടങ്ങൾ പരിശോധിച്ചാണ് ഉറപ്പാക്കിയത്. രക്ഷപ്പെട്ട ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ. കൊടുംവനത്തിലും സമീപജില്ലകളിലും നഗരങ്ങളിലും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്.
എൻ.ഐ.എ അന്വേഷണചുമതല ഔപചാരികമായി ഏറ്റെടുത്തു.ഭീകരർക്ക് പ്രാദേശികമായി സഹായം നൽകിയ 15 കാശ്‌മീർ സ്വദേശികളെ എൻ.ഐ.എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിർണായകമായ സഹായം നൽകിയ അഞ്ചു പേരിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീരിൽ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 200ൽപ്പരം പേരും കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്യുകയാണ്. ആക്രമണം പുനരാവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ദൃക്‌സാക്ഷികളുടെ മൊഴി ശേഖരിക്കുകയാണ് അന്വേഷണസംഘം. ഒരു കരസേനാ ഓഫീസറുടെ അടക്കം മൊഴി നിർണായകമാകും. സംഭവസമയത്ത് കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് കരസേനാ ഉദ്യോഗസ്ഥൻ.
തെളിവായി ദൃശ്യങ്ങൾ
ആക്രമണത്തിനിടെ രണ്ടു നാട്ടുകാരുടെയും ഒരു വിനോദസഞ്ചാരിയുടെയും മൊബൈൽ ഫോണുകൾ ഭീകരർ തട്ടിപറിച്ചു.
അവിടെയുണ്ടായിരുന്ന പ്രാദേശിക ഫോട്ടോഗ്രാഫർ മരത്തിൽ കയറി ദൃശ്യങ്ങൾ റെക്കോഡ് ചെയ്‌തിരുന്നു. ഇത് നിർണായക തെളിവായി അന്വേഷണസംഘം ശേഖരിച്ചു.
കടകളുടെ പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഭീകരർ. വിനോദസഞ്ചാരികളുടെ തലയ്‌ക്കും നെഞ്ചിനും നേർക്ക് പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു.
മൂന്ന് ഭീകരരുടെ വീടുകൾ
കൂടി തകർത്തു
ജമ്മു കാശ്മീരിൽ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി മൂന്ന് ഭീകരരുടെ വീടുകൾ കൂടി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു. ഇതോടെ 11 ഭീകരരുടെ വീടുകൾ ഇതുവരെ നാമാവശേഷമാക്കി. ഷോപിയാനിൽ ദ റെസിസ്റ്റന്റ് ഫ്രണ്ട് ഭീകരസംഘടനയിലെ അംഗമായ അദ്നൻ ഷാഫി ദറിന്റെ രണ്ടുനില വീടും,പുൽവാമയിൽ മറ്റൊരു ഭീകരൻ അമീർ നാസിറിന്റയും ബന്ദിപോരയിൽ ജമീൽ അഹമ്മദിന്റെയും വീടുകളാണ് തകർത്തത്. 2017 മുതൽ പാകിസ്ഥാനിലാണ് ജമീൽ അഹമ്മദ്.
കുപ്വാരയിൽ സാമൂഹികപ്രവർത്തകനെ വെടിവച്ചു കൊന്നു
ജമ്മു കാശ്‌മീരിലെ കുപ്വാരയിൽ സാമൂഹിക പ്രവർത്തകൻ ഗുലാം റസൂൽ മാഗ്രെയെ (45)വെടിവച്ചു കൊന്നു. വീട്ടിൽ കയറി വെടിയുതിർത്തത് ഭീകരരെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച അർദ്ധരാത്രിയോടെ കുപ്വാരയിലെ കൻഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു. വയറിലും ഇടതു കൈയിലും വെടിയേറ്റ ഗുലാമിനെ ഉടൻ കുപ്വാരയിലെ ഹന്ദ്വാര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും സ്ഥലത്ത് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരർക്കെതിരെ സൈന്യം നടപടി ശക്തമാക്കിയതിന് പിന്നാലെയാണിത്. ഇതിനിടെ കുപ്വാരയിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തു. ഇവിടെ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു. മുഷ്താഖാബാദ് മച്ചിലിലെ സെഡോരി നാലയിലെ വനപ്രദേശത്ത് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തകർത്തത്. അഞ്ച് എ.കെ 47 തോക്കുകൾ, 660 റൗണ്ട് എ.കെ 47 വെടിയുണ്ടകൾ, കൈത്തോക്ക്, കൈത്തോക്കിനുള്ള വെടിയുണ്ടകൾ, 50 റൗണ്ട് എം 4 വെടിയുണ്ടകൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്തെന്ന് സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |