SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.52 PM IST

എന്ത് ധൈര്യത്തിലാണ് ഇനി ഒരു സാധാരണക്കാരൻ രഹസ്യവിവരം അമൃത് രംഗനെ വിളിച്ച് കൈമാറുക: എസ്.ഐയെ വിമർശിച്ച് ബി.ജെ.പി നേതാവ്

sandeep-g-warrier

കൊച്ചി: എസ്.ഐ അമൃത് രംഗനും കളമശ്ശേരി സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്ന സംഭവത്തിൽ ഏസ്.ഐയ്ക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ഫോൺ റെക്കോർഡ് ചെയ്ത് സംഭാഷണം പുറത്തുവിട്ടതിലൂടെ അമൃത് രംഗൻ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

എന്ത് ധൈര്യത്തിലാണ് ഇനി ഒരു സാധാരണക്കാരൻ ഈ എസ്.ഐയെ വിളിച്ച് രഹസ്യം കൈമാറുകയെന്ന് സന്ദീപ് വാര്യർ ചോദിക്കുന്നു. ഫോൺ സംഭാഷണം പുറത്ത് വിടും മുൻപ് അമൃത് രംഗൻ പത്ത് തവണ ആലോചിക്കണമായിരുന്നുവെന്നും,​ അത് മാന്യതയുള്ള നടപടിയായില്ലെന്നും അദ്ദേഹം വിമർശിച്ചു.

വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ കുസാറ്റ് കാമ്പസിൽ നിന്ന് പൊലീസ് വാഹനത്തിൽ കയറ്റിയത് ചോദ്യം ചെയ്യാനാണ് സക്കീർ ഹുസൈൻ എസ്.ഐയെ ഫോണിൽ വിളിച്ചത്. ഈ ഫോൺസംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എസ്.ഐയെ വിമർശിച്ച് വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അമൃത് രംഗൻ സംഘർഷ സ്ഥലത്ത് നിൽക്കുന്ന സമ്മർദ്ദത്തോടെയാണ് സംസാരിച്ചത് എന്നാണ് മനസ്സിലാക്കുന്നത് . എസ് ഐ സംഭവസ്ഥലത്ത് നിൽക്കുകയാണ് എന്ന ബോധം സക്കീർ ഹുസൈനും വേണമായിരുന്നു. ഫ്രീ ആകുമ്പോൾ ഒന്നു വിളിക്കൂ എന്നുപറഞ്ഞ് ആ സംഭാഷണം സക്കീർ ഹുസൈന് അവിടെ അവസാനിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന് കുറച്ചുകഴിഞ്ഞ് വിളിക്കാമായിരുന്നു.

മറ്റൊന്ന് സ്വന്തം പാർട്ടിയിലെ വിദ്യാർഥി സംഘടനയുടെ ജില്ലാ നേതാവിനെ പോലീസ് പിടിച്ചു കൊണ്ടുപോയാൽ സ്വാഭാവികമായും ആ സമ്മർദ്ദം സക്കീർ ഹുസൈനും ഉണ്ടാകുമെന്ന് അമൃത രംഗനും മനസ്സിലാക്കണമായിരുന്നു. ഞാൻ തിരക്കിലാണെന്നും പിന്നീട് വിളിക്കാം എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് അനാവശ്യമായ വർത്തമാനങ്ങൾ ഒഴിവാക്കാമായിരുന്നു. പിന്നീട് ഫോൺ ചെയ്തു കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞ് സക്കീർ ഹുസൈനെ ബോധ്യപ്പെടുത്താമായിരുന്നു.

ഫോൺ റെക്കോർഡ് ചെയ്ത് സംഭാഷണം പുറത്തുവിട്ടതിലൂടെ അമൃത് രംഗൻ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി എന്ന് പറയാതെ വയ്യ. എന്ത് ധൈര്യത്തിലാണ് ഇനി ഒരു സാധാരണക്കാരൻ ഏതെങ്കിലും രഹസ്യവിവരം അദ്ദേഹത്തെ വിളിച്ച് കൈമാറുക? എന്ത് ധൈര്യത്തിലാണ് ഇനി പൊതു പ്രവർത്തകർ അദ്ദേഹത്തെ ഫോൺ ചെയ്യുക ? ഫോൺ സംഭാഷണം പുറത്ത് വിടും മുൻപ് അമൃത രംഗൻ പത്ത് തവണ ആലോചിക്കണമായിരുന്നു. അത് മാന്യതയുള്ള നടപടിയായില്ല.

കുറച്ചു വർഷങ്ങൾക്കു മുമ്പ് എൻറെ നാട്ടിൽ ഒരു എസ്ഐ ഉണ്ടായിരുന്നു. വളരെ സീനിയറായിരുന്നു. ഹെഡ് മൂത്ത് എസ്ഐ ആയതാണ് . അതിന്റെ അനുഭവ പരിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. പരമാവധി പരാതികൾ രണ്ടു കൂട്ടരേയും വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിടും. വർഷങ്ങളോളം കോടതിവരാന്തയിൽ സാധാരണക്കാർ ബുദ്ധിമുട്ടുന്നത് എസ്ഐയുടെ മുറിയിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് അവസാനിക്കുമായിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങൾ പോലും അങ്ങനെ പറഞ്ഞ് പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട്.

എല്ലാ പാർട്ടികളിൽ പെട്ട പൊതുപ്രവർത്തകരുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പരമാവധി ഉൾക്കൊണ്ടാണ് എല്ലാവരും പ്രവർത്തിച്ചത്. അദ്ദേഹത്തിൻറെ കാലയളവിൽ കാര്യമായ ലോ ആൻഡ് ഓർഡർ പ്രശ്നങ്ങളൊന്നും തന്നെ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിട്ടുമില്ല.

ഡിപ്ലോമസി എന്ന് പറയും. അത് രാഷ്ട്രീയക്കാർക്കും പൊലീസുകാർക്കും ഉൾപ്പെടെ എല്ലാവർക്കും നല്ലതാണ്. ഒന്ന് മസിലുപിടുത്തം അവസാനിപ്പിച്ച് രണ്ടുകൂട്ടരും അയഞ്ഞു സംസാരിച്ചാൽ നാട്ടിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. ബ്യൂറോക്രസിയും ജുഡീഷ്യറിയും ഒക്കെ ജനാധിപത്യത്തിനും മേലെയാണെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെയാവരുത് .

NB : ഏതെങ്കിലും കേസ് വരുമ്പോൾ രാഷ്ട്രീയക്കാരെ വിളിക്കാതെ പോലീസ് സ്റ്റേഷനിൽ പോയി പരിചയമുള്ളവർ വിമർശിക്കുക. പോലീസും പൊതു പ്രവർത്തകരും തമ്മിൽ നല്ല ബന്ധം ഉണ്ടാകുന്നതാണ് സമൂഹത്തിന് നല്ലത്.

(അഭിപ്രായം വ്യക്തിപരം )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP G WARRIER, FACEBOOK POST, SI, CPM LEADER, PHONE RECORD, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA