ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടക്കം വാക്കുകൾ വിവാദമാകുകയും ബി.ജെ.പി ആയുധമാക്കുകയും ചെയ്‌തതോടെ പരസ്യ പ്രസ്‌താവനകൾ ഒഴിവാക്കണമെന്ന് കോൺഗ്രസ്. പഹൽഗാം സംഭവത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എങ്കിലും യുദ്ധത്തെ അനുകൂലിക്കുന്നില്ലെന്നുമാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.
ഈ പ്രസ്‌താവനയ്‌ക്ക് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ വൻ പ്രചാരണം നൽകിയതോടെയാണ് ബി.ജെ.പി രംഗത്തു വന്നത്. കോൺഗ്രസ് പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ബി.ജെ.പി എം.പി സാംബിത് പത്ര ആരോപിച്ചു.
ഭീകരർ ഇരകളുടെ മതം ചോദിച്ചെന്ന ആരോപണം ശരിയല്ലെന്ന പ്രസ്‌താവനയുമായി മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതാവ് വിജയ് നാംദേവ് റാവു വഡേട്ടിവാറിന്റെ പ്രസ്‌താവന. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. ഭീകരർ മതം ചോദിച്ചതിന് ശേഷം കൊന്നു എന്നാണ് സർക്കാർ പറയുന്നത്. ഭീകരർക്ക് ഇതിനെല്ലാം സമയമുണ്ടോ. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ചിലർ പറയുന്നു. ഭീകരർക്ക് ജാതിയോ മതമോ ഇല്ല. ഉത്തരവാദികളെ തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കണം-അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാന്റെ വാദം അംഗീകരിക്കണമെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരെട്ടെ എന്നും ജമ്മു കാശ്മീരിൽ നിന്നുള്ള മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സെയ്ഫുദ്ദീൻ സോസിന്റെ പ്രസ്‌താവനയും കോൺഗ്രസിനെ വെട്ടിലാക്കി.
നേതാക്കൾ നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് വ്യക്തമാക്കി. ചില നേതാക്കൾ പല കാര്യങ്ങളും പറയുന്നുണ്ടെന്നത് ശരിയാണ്,അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. എന്നാൽ അതു പറയാൻ അവരെ അധികാരപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും രമേശ് പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾക്ക് ഒരു രഹസ്യ അജണ്ടയുണ്ടെന്നും നേതൃത്വം ഇടപെട്ട് തടയണമെന്നും ബി.ജെ.പി വക്താവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
സിന്ധു നദീ കരാർ മരവിപ്പിക്കരുത്:
ടിക്കായത്ത്
സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടിക്കായത്ത്. എല്ലാ കർഷകർക്കും വെള്ളം ആവശ്യമാണെന്നും സർക്കാർ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ടിക്കായത് പാക് ഭാഷയിൽ സംസാരിക്കുന്നുവെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തിയതോടെ വിശദീകരണവുമായി സഹോദരൻ രാകേഷ് ടിക്കായത്ത് രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |